home

Friday, August 12, 2011

കാഴ്ച

പുലര്‍ച്ചെ,
പടവില്‍
പുഞ്ചിരിക്കുന്ന മുഖം കണ്ടു.

ഉച്ചക്ക്,
മുറ്റത്തെ കൊന്നയില്‍
കെട്ടിയ കറുത്ത തുണി കണ്ടു.

വൈകിട്ട്,
പറമ്പില്‍
എരിഞ്ഞടങ്ങുന്ന ചിത കണ്ടു.

ഒരു ദിനം കൊണ്ട്
ഒരു മനുഷ്യ ജന്മം
അസ്തമിചീടുന്ന കാഴ്ച കണ്ടു.!!




നിഷേധി

മത വിശ്വാസങ്ങള്‍ക്ക് ഞാനോ,
മതങ്ങള്‍ എന്റെ 
വിശ്വാസങ്ങള്‍ക്കോ
എതിരല്ല..!!

പിന്നെ,ഞാനെങ്ങനെ
കപട വിശ്വാസിയും,
മത നിഷേധിയുമാകും..!!

Thursday, July 21, 2011

കാഴ്ചകള്‍

കേള്‍ക്കുന്നുവെന്‍ കര്‍ണ്ണപുടങ്ങളില്‍
പ്രകൃതി തന്‍ അട്ടഹാസങ്ങള്‍
കാണുന്നു; ഞാനെന്‍ നിമീലിത നയനങ്ങളില്‍
വരണ്ടുണങ്ങിയ ഭൂമിയുടെ ഹൃദയങ്ങള്‍
അകലെയെവിടെയോ വനമരചില്ലയില്‍
ഒരു പക്ഷിയിടറുന്നു സ്വരം വിറച്ചപോല്‍
'അറിയില്ലയിനി എന്ത് ചെയ്യണമെന്നാരോ
വീഥികളുടെ വിജനതയിലുറക്കെ മന്ത്രിക്കുന്നു.

ഒരു മാത്രയിലിതള്‍ വിരിയുമൊരു കുഞ്ഞു പുഷ്പം
ഇളകിയൊന്നാടാന്‍ ഇളം തെന്നല്‍ തേടുന്നു.
ഓളങ്ങള്‍ ഒളിമിന്നും ഒരു കൊച്ചു നദിയോ
ഓമനിച്ചുറക്കാന്‍ ഒരു മത്സ്യം തിരയുന്നു.
അമ്മിഞ്ഞപ്പാല്‍ മധുരം നുകരാനാവാതെ
ഒരു ബാലന്‍ തെരുവില്‍ കനിവിനായ് കേഴുന്നു.
രാഷ്ട്രീയ ലഹരിയില്‍ സര്‍വ്വം മറന്നോരുപാട്
യുവാക്കള്‍ നടുവഴികളിലിഴഞ്ഞു മരിക്കുന്നു.

"ഒരു ജാതി,ഒരു മതം,ഒരു ദൈവം" എന്നുപദേശിച്ച
ഗുരുവിന്‍ ശില്പങ്ങള്‍ തല്ലി തകര്‍ക്കുന്നു.
ജാതി മതത്തിന്‍ പേര് പറഞ്ഞെന്‍ സോദര്‍
പരസ്പരം വെട്ടിയും,കുത്തിയും ചാകുന്നു.
സ്വാര്‍ത്ഥ താല്പര്യതിനായ് പെറ്റമ്മയെപ്പോലും
കൊലപ്പെടുത്താന്‍ ചിലര്‍ മിടുക്ക് കാട്ടുന്നു.
സഹോദരിമാരുടെ ചാരിത്ര്യം പോലും
അങ്ങാടികളില്‍ തൂക്കി വില്‍ക്കുന്നു.

മാതൃത്വം പോലും വിലക്ക് വാങ്ങി ചിലര്‍
സ്നേഹത്തിന്‍ മധുരമാം പാഠങ്ങള്‍ തേടുന്നു.
സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു
വേദനയോടെ ഒരു വൃദ്ധ എന്തോ പുലമ്പുന്നു.
നാടുകള്‍ വൃദ്ധ സദനങ്ങളാല്‍ നിറയുന്നു.
അവരുടെ കണ്ണീരുകള്‍ ശാപനദിയായി ഒഴുകുന്നു.

അതിതീഷ്ണമായെരിയും സൂര്യന്റെ ചൂടേറ്റു
ഹരിത വനങ്ങള്‍ ഉണങ്ങിക്കൊഴിയുന്നു.
കറുകപ്പുല്ലിന്‍ സ്വാദിനായ് ഒരു മാന്‍
കാടുകള്‍ തോറും തേടി മടങ്ങുന്നു.

ഓസോണ്‍ പാളികളില്‍ നിന്നൊഴുകും വിഷങ്ങള്‍
ഭൂമിയെ ക്യാന്‍സറായ് കാര്‍ന്നു തിന്നുന്നു.
മലിന ജലമൊഴുകും ഓടകളില്‍ പോലും
ഗര്‍ഭാശയങ്ങള്‍ നിണക്കൂട്ടമായൊഴുകുന്നു.
തെരുവിലെ ബാല്യത്തിന്‍ അന്ടങ്ങളില്‍ ചിലര്‍
മാനഭംഗത്തിന്‍ ക്രൂര ബീജങ്ങള്‍ നിറക്കുന്നു.

കാശിന്‍ കൂമ്പാരം മാലോകരറിയാന്‍
ലോകം മണി സൌധങ്ങളായ് മാറുന്നു.
വേദനകൊണ്ടീ മണ്ണും വിറക്കുന്നു.
സ്നേഹവും,ശാന്തിയും പോയ്‌ മറയുന്നു.
ഭീകരവാദത്തിന്‍ പോരിനാല്‍ നന്മ നശിച്ചീ
നാടുകളെല്ലാം ചോരക്കളങ്ങളായ് മാറുന്നു.
മണ്ണും,മനുഷ്യനും ഒന്നു ചേരുന്നു.
ആര്‍ത്തിയാല്‍ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു.
ദീനരോദനങ്ങള്‍ ദിഗന്ദങ്ങള്‍ മുഴങ്ങുന്നു.
രക്തഗന്ധം ലോകമാകെ പരക്കുന്നു.

ഇതാണിന്നെന്‍ ലോകം,ഇതാണെന്‍ കാഴ്ചകള്‍
കണ്ടു മടുത്തോരെന്‍ ഹൃദയം തപിക്കുന്നു;
"സമയമായ് എനിക്കീ ലോകത്തെ വെടിയുവാന്‍."

Wednesday, June 22, 2011

മഴയിലൂടെ...

മഴത്തുള്ളികള്‍
വീണ വഴികളില്‍
നഗ്നമാം പാദം
പതിഞ്ഞൊരാ മണ്ണില്‍
നോക്കെത്താ ദൂരം
ഞാന്‍ നിന്നെയും
തേടി നടന്നു.

നിനക്ക് തരാന്‍
ഞാന്‍ കയ്യില്‍ കരുതിയ
പനിനീര്‍ പൂക്കളില്‍
എന്‍ പ്രണയത്തിന്‍
സൌരഭ്യമായിരുന്നു.

എവിടെയാണ് നീ..
എത്ര ദൂരെയാണ് നീ.
എന്റെ പ്രണയം
നീ അറിയാതെ പോയോ.!!

Monday, June 20, 2011

പുഴക്കരയില്‍ ...

ഒരവധി ദിവസം,
ഞാനെന്നെത്തെയും പോലെ
അന്നും പുഴക്കരയില്‍
ഇളം തെന്നലേല്‍ക്കുവാന്‍ പോയി.

അപ്പോള്‍ ,
സൂര്യന്‍ ഗഗനത്തിന്‍ പടിഞ്ഞാറേ-
ചെരുവില്‍ അസ്തമിക്കാന്‍
കടലിനോടനുവാദം ചോദിക്കുകയാണ്.

സായന്തനത്തില്‍ തിരക്കേറെ-
യുള്ളൊരു പുഴയാണിത്.
കുഞ്ഞിനെ തേടി പായുന്ന മീനും,
കൂടുകള്‍ തേടി പറക്കും പക്ഷികളും,
കൂട്ടമായലയും കൊക്കിന്‍ കൂട്ടവും,
മുങ്ങി നീരാടും നീര്‍കാക്കകളും,
പാറമേല്‍ നല്ലൊരു സ്ഥാനം പിടിച്ചിട്ടു
ചിറകു കുടഞ്ഞുണക്കും പൊന്മാനുകളും,
വൃക്ഷങ്ങളില്‍ കിടന്നൂഞ്ഞാലാടും-
വികൃതിക്കുറുമ്പരാം വാനരക്കൂട്ടവും
ബഹളം കൂട്ടും സ്ഥലമാണിത്.

പക്ഷെ,ഇന്നിവിടം നിശബ്ദം..!!
പക്ഷികള്‍ കൂടൊഴിഞ്ഞത് പോലെ,
മീനുകള്‍ ഗര്‍ഭത്തിലൊളിച്ചത് പോലെ,
വൃക്ഷങ്ങള്‍ കാറ്റിനെ തടഞ്ഞത് പോലെ,
ഇലകള്‍ മൗനത്തിലാണ്ടത് പോലെ,
പുഴയിലോളങ്ങള്‍ നിലച്ചത് പോലെ,
ഇളം കാറ്റിനുഷ്ണം ഏറിയത് പോലെ,

ഓര്‍ത്തു ഞാന്‍ കാരണമെന്തെന്നു?
ചിന്താ മഗ്നനായി ഞാനൊരു
ചരിഞ്ഞ മരച്ചുവട്ടിലിരുന്നപ്പോള്‍
ഒരു പക്ഷി കടന്നു വന്നെന്‍ കാതില്‍ മൂളി
"സ്നേഹിതാ,..നിന്‍ വര്‍ഗം ഇത്രെയും ഹീനരോ?"

ഇതിന്‍ പൊരുളറിയുവാന്‍ തിരിഞ്ഞു ഞാന്‍ നോക്കെ,
ഒരസ്ത്രം പാഞ്ഞു വന്നാ പക്ഷിയെ തറച്ചു.
ഇനിയുമൊരു വാക്ക് ചൊല്ലുവാനാകാതെ
ആ പക്ഷിയെന്‍ മുന്നില്‍ പിടഞ്ഞു വീഴുന്നു.
രക്തം പുരണ്ട ചിറകിട്ടടിച്ചാ പക്ഷി
അല്പം ദയക്കായി എന്നെ നോക്കുന്നു.

കാട് വിറക്കും അട്ടഹാസവുമായൊരു വേടന്‍
ഓടിയെത്തിയാ പക്ഷിയെ എടുക്കുന്നു.
"കൊള്ളാം നിനക്ക് ഭാരമില്ലെങ്കിലും
മാംസ്യം രുചിയില്‍ മുമ്പനാണല്ലോ!"
എന്നയാള്‍ പുലമ്പിയകലുന്നു..

നിശബ്ദാന്തരീക്ഷതിന്‍ കാരണമറിയവെ
വേദനാ ഹൃദയനായ്,വിഷാദ ചിത്തനായ്
തിരികെ ഞാന്‍ നടന്നു..!!

Monday, May 16, 2011

ബ്ലൂ ടൂത്ത്

പ്രണയം നടിച്ചു-
വലയിലാക്കി.

പിന്നെ,
പ്രണയത്തിന്‍ മറവില്‍
അവളെ ഭോഗിച്ചു.

ചിത്രങ്ങള്‍
കാമറയില്‍ പകര്‍ത്തി
സുഹൃത്തുക്കള്‍ക്ക് നല്‍കി.

അവര്‍ ,
ആ നഗ്ന ചിത്രങ്ങള്‍
ബ്ലൂ ടൂത്തിലൂടെ
ലോകത്തിനു
സമ്മാനിച്ചു കൊണ്ടിരുന്നു!

Saturday, May 14, 2011

അടയാളങ്ങള്‍


കാലത്തിന്‍ സായന്തന പടവുകളില്‍
വീണ്ടും,നാം കണ്ടുമുട്ടുമ്പോള്‍
എങ്ങിനെനെയാണ് തിരിച്ചറിയുക?

ജരാനരകള്‍ വീണമുടികള്‍ കണ്ടോ?
 ഊന്നിപ്പിടിച്ചവടികള്‍ കണ്ടോ?
വാര്‍ധക്യം ചുംബിച്ചമുഖം കണ്ടോ?
തമ്മില്‍ അറിഞ്ഞ മനസ്സ്‌  കണ്ടോ?

അറിയാതെയെങ്കിലും 
മനസ്സില്‍ കരുതുന്നു.
സഹയാത്രികെ,നിന്നെ 
അറിയുവാന്‍ തെളിവുകള്‍

വര്‍ഷവും, വസന്തവും
ഒരുപാട് കൊഴിഞ്ഞെങ്കിലും
എന്നോര്‍മ്മയിലിന്നും
കാത്തു സൂക്ഷിക്കുന്നു.
നിന്നുടെ വശ്യമാം ലാളിത്യ പുഞ്ചിരി.
മായില്ലോരിക്കലും
അതെന്‍ മനസ്സില്‍ നിന്നും.
മായ്ക്കാന്‍ കഴിയില്ല ഈ ജന്മമെല്ലാം.!!

Friday, April 29, 2011

സുനാമികള്‍ ..


കാണുവാന്‍ വയ്യ ഈ ഭീകരക്കാഴ്ചകള്‍
എന്‍ കണ്ണിനെ കുരുടാക്കി മാറ്റീടുക.
കേള്‍ക്കുവാന്‍ വയ്യ ഈ ദീനരോദനങ്ങള്‍
കാതിനെയടര്‍ത്തി നീയെടുത്തീടുക.
താങ്ങുവാന്‍ വയ്യ ഈ നൊമ്പരപ്പാടുകള്‍
ഹൃദയത്തെ പാറപോലുറപ്പാക്കുക.

ഞാനന്ധത ബാധിച്ച മാനവന്‍!
ജീവിതം സ്വാര്‍ത്ഥതയാല്‍ ചാലിച്ചവന്‍!
വാക്കില്‍ കൊടും വിഷം ഊറ്റി നിറച്ചവന്‍!
നെഞ്ചില്‍ വന്‍ചതി താരാട്ടായി ചേര്‍ത്തവന്‍!
സാമൂഹ്യ ബന്ധം വേരറ്റു പോയവന്‍!
സഹജരെ പരിഹാസകണ്ണാല്‍ കണ്ടവന്‍!
ഇന്നെന്റെ സ്വാര്‍ഥതാ ബോധമെല്ലാം
ഈ സുനാമി തിരകളില്‍ തകര്‍ന്നു പോയി.

ഇതെന്‍ അഹന്തയ്ക്ക് നേര്‍വന്ന വന്‍ തിര
എന്‍ സ്വപ്നങ്ങളെ തകര്‍ത്ത വന്‍ തിര.
എന്‍റെയുള്ളത്തെ തുറപ്പിച്ച തീതിര.
എന്‍ കണ്ണീരിനെയൊലിപ്പിച്ച കൊടുംതിര.
എന്‍ ക്രൂരചിത്തത്തെ തലോടിയ തീതിര.
അടയാത്തോരെന്‍  കണ്ണിന്‍ നനവറ്റ തീരങ്ങളില്‍
ഓര്‍മ്മകള്‍ സുനാമികളായ് ആഞ്ഞടിചീടുന്നു.

ഇല്ലെനിക്കൊന്നും ഇന്നീ പാരില്‍ സ്വന്തമായ്
ഞാന്‍ കാത്ത സുന്ദര സ്വപ്‌നങ്ങള്‍ പോലും.
അവയ്ക്ക് നിറമേകിയ സമ്പാദ്യങ്ങള്‍ പോലും.
എല്ലാം ഈ സുനാമിയിലലിഞ്ഞു പോയി.

എന്നെ തനിച്ചാക്കി എന്‍ പ്രിയരെല്ലാം
ഈ കടലിന്‍ കയങ്ങളില്‍ യാത്രപോയി.
മടങ്ങിയെതാത്തൊരു യാത്രയിലൂടവരെന്നെ
ജീവിത പന്ഥാവില്‍ അനാഥനാക്കി.
ഏകനായി അലയുന്നോരെന്നെ തലോടാന്‍
ഉയിരാം പ്രിയ പത്നിതന്‍ വിരലുമില്ല.
എന്‍ രക്തബിന്ദു ക്കളാം മക്കള്‍ തന്‍ വേര്‍പാട്
അന്തരംഗത്തെ കുത്തി പറിക്കുന്നു.
മറക്കാന്‍ ശ്രമിക്കുംതോരുമെന്‍ മാനസം
മുറിവിന്‍ കൂമ്പാരങ്ങളായ് മാറീടുന്നു.
ഓര്‍മ്മകള്‍ ആഞ്ഞടിചീടും ജീവിതക്കടലിന്‍-
കണ്ണീര്‍ തിരകളില്‍ ഞാന്‍ പെട്ടു പോയി.
ഒരിറ്റു സ്നേഹം കൊതിചീടുമിന്നെന്നെ
സാന്ത്വനിപ്പിക്കാനിന്നാരുമില്ല.

സ്നേഹിച്ചിട്ടില്ല ഞാനീ സമൂഹത്തെ
സ്നേഹിച്ചിട്ടില്ല ഞാനെന്‍ പ്രിയരേ,
എന്നെ ഞാനാക്കിയ പെറ്റമ്മയെ പോലും.
ക്രൂരമാം മനസ്സിന്‍ ഇരുട്ടാര്‍ന്ന മുറിയില്‍
പിശാചിനെപോല്‍ ഞാനവരെ കുടിയിരുത്തി.
ഭാര്യ തന്‍ ഭാരിച്ച വാക്കിനാല്‍ ഞാനവരെ
കാല്‍വരിക്കുരിശില്‍ തറച്ചുമിട്ടു.
ആ രക്തചിത്രമെന്‍ ആത്മാവിനുള്ളില്‍
ആനന്ദ ചിത്രങ്ങളായ് കുടിയേറി.
നേരിന്‍ വഴികളിലേക്ക് എന്നെ നടത്തിയ
അച്ഛനെ ഞാനൊരു നാള്‍ ആട്ടിയിറക്കി.
വാര്‍ധക്യം കവര്‍ന്നോരാ കാല്‍കളില്‍ ഞാന്‍
മടങ്ങി വരരുതെന്ന തുടലുമിട്ടു.
വേദനയോടെയാ തുടലും വഹിച്ചെന്നച്ചന്‍
തെരുവില്‍ഒരു ഭിക്ഷുവായലഞ്ഞു.
ഒടുവില്‍ മാറാരോഗബാധിതനായ്
തെരുവിന്‍ മാലിന്യങ്ങളില്‍ മരിച്ചു വീണു.
ക്രൂശിന്‍ വേദന താങ്ങാനാകാതെ
ഒരു നാള്‍ അമ്മയും തളര്‍ന്നു വീണു.
ഏറെ കഴിയാതെ അവരുമീ ലോകത്തിന്‍
കാപട്യങ്ങളില്‍ നിന്നും യാത്ര പറഞ്ഞു.

അവര്‍ തന്‍ സ്നേഹക്കടലിന്‍ അഗതതകളില്‍
മാപ്പിന്‍ സുനാമികള്‍ എനിക്കായ് പിറന്നിരുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനെന്‍ ജന്മധാതാക്കള്‍ തന്‍
ഹൃദയത്തിനുള്ളിലെ വന്‍ സ്നേഹതിരകളെ.
ആ വന്‍ തിരകളാവാം ഇന്നെന്നെ തനിച്ചാക്കി
മറ്റുള്ളതെല്ലാം കവര്‍ന്നെടുതകന്നത്..!!

ലോകമാം വൃദ്ധസദനങ്ങളില്‍ നിന്നുയരും
വൃദ്ധരാം മുന്‍ഗാമികള്‍ തന്‍
വേദനാകണ്ണീരിന്‍ വന്‍ പാച്ചിലാകാം-
ആഞ്ഞടിക്കുന്നോരീ സുനാമികള്‍ !!!

ഇനിയെന്‍ ജീവിതക്കടലിന്‍ മീതെ
നൊമ്പരസുനാമികള്‍ ഉയര്‍ന്നു വന്നീടുമോ?
അവയെന്റെ ജീവനാദ സ്പന്ദനത്തെ
രേഖയില്ലാതെ നാശമാക്കീടുമോ?
അറിയില്ലയെങ്കിലും കാത്തിരിപ്പൂ
സുനാമികള്‍ എന്നെ കീഴ്പ്പെടുത്തീടുവാന്‍.
സുനാമിയിലെല്ലാം തകര്‍ന്നടങ്ങീവാന്‍..!!!

വിരഹം


സായാഹ്ന കിരണങ്ങള്‍ ചിരി തൂകി നില്‍ക്കും
സുന്ദരിപ്പുഴയുടെ തീരത്ത് വെറുതെ ഞാന്‍
കവിതകളാല്‍ സ്വപ്നചിത്രം മെനയുമ്പോള്‍
ഓളങ്ങളായി കടന്നു വന്നെത്തിയെന്‍ ഹൃത്തില്‍
പ്രണയിനീ..നിന്നെക്കുരിച്ചോരായിരം ഓര്‍മ്മകള്‍ .

ആത്മാര്‍ത്ഥ പ്രണയത്തിന്‍ പൂച്ചെണ്ടുമായെന്‍
അന്തരാത്മാവില്‍ ഇടം തേടി വന്നവളെ
നിന്നെ കാണാതെ,നിന്‍ വാക്ക് കേള്‍ക്കാതെ
എങ്ങനെയാണ് ഞാനുറങ്ങീടുക?

പ്രണയത്തിന്‍ തീരത്ത് നാം നട്ടോരീ
പ്രേമത്തിന്‍ വൃക്ഷം വളര്‍ന്നു പന്തലിക്കെ
ഉണങ്ങിക്കൊഴിയും ഇലകള്‍ക്കിടയിലെവിടെയോ
നാമറിയാതെ വിരഹം പതിയിരുന്നു.

കാലം നമുക്കിടയില്‍ കാര്‍മേഘം പെയ്തപ്പോള്‍
പിരിയാതെ നമുക്ക് മാര്‍ഗമില്ലായിരുന്നു.
തമ്മില്‍ വിടചൊല്ലി പിരിഞ്ഞുപോയ നാള്‍
എങ്ങനെയാണ് മറക്കാനാകുക?

കൊതിക്കുന്നുവെന്‍ പ്രണയിനീ ഞാന്‍
നിന്നുടെ മധുരമാം വാക്ക് കേള്‍ക്കാന്‍
ഇനിയെന്ന് കാണുമെന്നറിയില്ലയെങ്കിലും
നിന്‍ വിരഹ വേദന ഞാനറിയുന്നു.
നിന്‍ ചിരി കാണാതെ, ക്ഷേമങ്ങളറിയാതെ
അകലെ നില്‍ക്കാനെനിക്ക് എങ്ങനെ കഴിയും?

പ്രണയലേഖനം


പ്രിയേ,കുറിക്കട്ടെയോ
ഞാന്‍ നിനക്കായ്
ദുഖത്തോടെയീ കവിത.

ഒരിക്കല്‍ നീയെന്‍ മനസ്സില്‍
ഒരു താളമായ് കടന്നു വന്നു.
പിന്നെ അത് സ്വപ്നമായ് മാറി.

നിനക്കറിയാമായിരുന്നു;
നിന്‍ വിശാല ഹൃദയത്തിന്‍
അഗാതതകളിലേക്ക് ആഴ്ന്നിറങ്ങാന്‍
മാത്രം മോഹിച്ചവനാണ് ഞാനെന്ന്.
വെറുതെയാണെങ്കിലും
മോഹിച്ചു പോയി ഞാന്‍
ജീവിതം മോഹങ്ങള്‍ നിറഞ്ഞതല്ലേ?

ജീവിതമാം നാടകത്തിന്‍ -
അലസമാം യാത്രകള്‍ക്കിടയിലെവിടെയോ
നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്‍ ജീവനെക്കാളുപരി സ്നേഹിച്ചു.
ഓര്‍മ്മയില്‍ നിന്നും ഒരിക്കലും അടര്‍ത്തി
മാറ്റാനാവാത്ത വിധം വിശ്വസിച്ചു.
അതാണോ ഞാന്‍ ചെയ്ത തെറ്റ്?

അറിയില്ല;
വേദനകള്‍ കുന്നു കൂടിയോരെന്‍
മനസ്സ് അക്ഷമനായ് ആര്‍ത്തിരമ്പുന്നു.
അവക്കിടയിലെവിടെയോ ഒരുഗ്രസ്നേഹത്തിന്‍
തേങ്ങലുകള്‍ ഞെരിഞ്ഞമരുന്നു.
അതിന്‍ സ്പന്ധനങ്ങളെന്‍ ഹൃദയത്തിന്‍-
ഉള്‍ക്കോണില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

ഒന്നുരിയാടാനാഗ്രഹിക്കും മൂകനെ പോല്‍ ,
വിരലുകളും,നാവും നശിച്ച കവിയെ പോല്‍
ഞാനും കണ്ണീര്‍ ചാലിന്‍ തേന്‍മണം കൊണ്ട്
പ്രണയത്തെ അറിയുന്നു;ആസ്വദിക്കുന്നു...

Friday, March 11, 2011

അക്ഷരം ..


എന്തോ കുറിക്കുവാന്‍
എടുത്ത കടലാസില്‍
"അമ്മ"എന്ന് ഞാന്‍
അറിയാതെ എഴുതി.

പിന്നെ, വായിച്ചപ്പോള്‍
എന്‍ മനമൊന്നു പിടഞ്ഞു.
കണ്ണുകള്‍ ഈറനണിഞ്ഞു..
ആ അക്ഷരങ്ങളില്‍
അമ്മതന്‍ ആത്മാവ്
ഉള്ളതായി തോന്നി.

വീണ്ടും,
ആ കടലാസ്സു നിറയെ
അമ്മ എന്ന് ഞാന്‍
എഴുതിക്കൊണ്ടിരുന്നു..!!

Saturday, March 5, 2011

സത്യം ..


ഈ വിരല്‍ തുമ്പിനപ്പുറം
നീ അറിയാതെ പോയ
ഒരു സത്യമുണ്ട്.

ഞാനെന്ന സത്യം.!
ഞാന്‍ ഞാനല്ല എന്ന സത്യം.!!
എനിക്കൊരിക്കലും
ഞാനാകാന്‍ കഴിയില്ല
എന്ന സത്യം.!!!

നിന്നില്‍ നിന്നും
ഞാനെന്നെ
മറച്ചു വെച്ചു.
അല്ല,
നിന്റെ ചിരിയുടെ
മറവില്‍ ഞാനത്
ഒളിപ്പിച്ചു വെച്ചു.
ആ ചിരി
മായാതിരിക്കാന്‍.

ഇനിയെനിക്ക്
ഞാനാകണം.
നിന്‍ കിനാവുകളില്‍
എന്റെ മുഖമുണ്ടാകണം.!
അതിനു ഞാന്‍
നിന്നിലേക്ക്‌ അലിയണം.
നിന്‍ പ്രതിരൂപമാവണം.!!

അതുവരെ
ഞാന്‍ കാത്തിരിക്കാം..
അതല്ലേ ശരി?

Tuesday, February 8, 2011

നിനക്കായ്

അത്മസ്നേഹത്തില്‍
നിറം കലര്‍ത്തിയപ്പോള്‍
നിന്‍ കൈവെള്ളയില്‍
പുരണ്ട പാപത്തിന്‍ വിഷക്കറ
എന്റെ കണ്ണുനീരാല്‍
കഴുകിക്കളയാനാകുമെങ്കില്‍ ;
ഞാന്‍ നിനക്ക് വേണ്ടി കരയാം.
കണ്ണുനീര്‍ വറ്റും വരെ...!!

Saturday, February 5, 2011

കണക്കു പുസ്തകം..

എന്‍റെ
കണക്കുകൂട്ടലുകള്‍
വീണ്ടും പിഴച്ചു
തുടങ്ങിയിരിക്കുന്നു.

ഏറെനാള്‍ മുന്‍പ്
മടക്കി വെച്ച
ആ കണക്കുപുസ്തകം
ഇന്നലേ വീണ്ടും
നിവര്‍ത്തി നോക്കി.

വല്ലാത്തൊരു മണം.
ചിലതാളുകള്‍
ജീര്‍ണ്ണിച്ചിരിക്കുന്നു.

എങ്കിലും,
ആദ്യാന്ത്യം ഞാനൊന്ന്
പരതി പരിശോധിച്ചു.

കണക്കുകളില്‍
തെറ്റുകള്‍ ഉള്ളതായി
തോന്നിയില്ല.

പിന്നെയോ,
കുറച്ചു കൂടി എഴുതി
ചേര്‍ക്കാന്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ,
ഈ കണക്കു പുസ്തകം
പൂര്‍ണ്ണം.
താളുകള്‍ നിറഞ്ഞു.

ഇനി പുതിയൊരു
കണക്കു പുസ്തകം
വാങ്ങണം.
കണക്കു കൂട്ടലുകള്‍
വീണ്ടും പിഴച്ചതായ്
തോന്നുമ്പോള്‍
അങ്ങോട്ട്‌ പകര്‍ത്താം..!!

Friday, February 4, 2011

വിഷാദം..

നഷ്ടപ്രണയത്തെക്കുറിച്ച്
ചിന്തിക്കുന്നതും,
കൂടെ സഞ്ചരിക്കുന്ന
മരണത്തെക്കുറിച്ച്
കവിതകളെഴുതുന്നതും,
യാത്രകളുടെ
ചിത്രങ്ങള്‍ വരക്കുന്നതും,
മനസ്സില്‍ തറച്ച 
ചിന്തകളുമായി
ദിവസങ്ങളോളം
മൗനമായിരിക്കുന്നതും
വിഷാദ രോഗത്തിന്‍
ലക്ഷണമെത്രേ..!

ഇപ്പോള്‍,എന്നെ നയിക്കുന്നത്
ഇത്തരം ചിന്തകളാണ്.!!

എനിക്കും
ഇതേ രോഗമായിരിക്കും അല്ലെ..?

Tuesday, February 1, 2011

ബാക്കി


കാലമൊരു നാള്‍
എനിക്കുമൊരു
കുഴിമാടമൊരുക്കും..

അവിടെ നിങ്ങളെന്നെ
കുഴിച്ചു മൂടും.
ഒപ്പം,എന്റെ സ്വപ്നങ്ങളും.!

ഈര്‍പ്പമുള്ള
ആ മണ്ണിനു മുകളില്‍
രണ്ടു കല്ലുകള്‍ വെയ്ക്കും

അതെന്‍റെ കുഴിമാടത്തിനു
അടയാളമാണ്.
ഇളകി മാറും വരെ.

എല്ലാറ്റിനും സാക്ഷിയായി
ചിലപ്പോള്‍ നീയുണ്ടായേക്കാം.!

എങ്കിലും,
ഒന്നുമാത്രം ബാക്കിയാവും.
നിനക്ക് ഓര്‍ക്കാന്‍
ഞാന്‍ തന്ന ഓര്‍മ്മകള്‍ ..!!

അതുമാത്രം നീ 
കുഴിച്ചു മൂടരുത്
കാരണം,അതു ഞാന്‍
നിനക്കായ് മാത്രം
ബാക്കി വെച്ചതാണ് ..!!!

തിരിച്ചറിവ്...


കണ്‍മുന്നില്‍
കണ്ടതെല്ലാം
സത്യമെന്ന് കരുതി
കണ്ണുകളെ
വിശ്വസിച്ചു..

ഒടുവില്‍,
അതുവെറും
കാഴ്ചകളാണെന്ന്
തിരിച്ചറിഞ്ഞു.

അന്നു മുതല്‍
എനിക്ക് കണ്ണുകളെയും
വിശ്വാസമില്ലാതായി ..!!

Saturday, January 22, 2011

കേട്ടത്..


ആരോ
പറയുന്നത് കേട്ടു
എഴുത്ത്
മരിച്ചെന്ന്!

ആരാണ്
പറഞ്ഞത്
എഴുത്ത് മരിച്ചെന്ന്..!!

മരിച്ചത്
എഴുത്തല്ല;
വായിക്കാനുള്ള
നിന്‍റെ മനസ്സാണ്..!!

Friday, January 21, 2011

പാഠം ..


മദ്യം വിഷമാണെന്ന്
എന്നെ പഠിപ്പിച്ചത്
മൂന്നാം ക്ലാസ്സിലെ
ഗുരുനാഥനായിരുന്നു .

അന്നു മുതല്‍
ഞാനും മദ്യത്തെ വെറുത്തു.
സ്നേഹിതരെ
ഉപദേശിച്ചു.

ഇന്നലെ,
വീണ്ടും ഞാനീ
ഗുരുനാഥനെ
രാത്രിയുടെ മറവില്‍
കണ്ടു.
അപ്പോള്‍ അയാള്‍
മദ്യത്തിന്റെ ലഹരിയിലായിന്നു!

എന്തു പാഠമാണ് ഞാന്‍ പഠിച്ചത്.?



കണ്ണട വെച്ചത് ..



എന്‍റെ
കറുത്ത കണ്ണട
കളഞ്ഞുപോയി!

കാഴ്ച
ഇല്ലാത്തതു കൊണ്ടല്ല
ഞാന്‍
കണ്ണട വെച്ചത്!!

ചില കാഴ്ചകളെ
മൂടി വെയ്ക്കാനാണ്.!!!



ഗന്ധം



അന്നൊരു മഴയില്‍
അമ്മ തന്‍ മാറിന്‍ ചൂടില്‍
തല ചായ്ച്ചുമയങ്ങുമ്പോള്‍ ;
എന്നില്‍ മുലപ്പാലിന്‍ 
ഗന്ധമായിരുന്നു.

ഇന്നിവിടെ,
അതുപോലൊരു മഴ
ഏകനായി നനഞ്ഞപ്പോഴും
ഞാനമ്മ തന്‍  ഗന്ധം
തേടുകയായിരുന്നു.

Thursday, January 20, 2011

കണി ..


ഇന്നു ഞാനൊരു
കണി കണ്ടു.
ചിതറി കിടക്കുന്ന
മനുഷ്യ ശരീരത്തെ
ഏതോവാഹനം
ഇടിച്ചിട്ടു പോയതാവാം.!

കൊള്ളാം നല്ല കണി!

ഇന്നിത് ശുഭ സൂചകമായിരിക്കാം!!

അറിയാതെ പോയത്..



പ്രണയമെന്ന്
ഞാന്‍ പറഞ്ഞു.
അല്ല ഭ്രാന്തെന്ന് 
നീയും.!

എന്‍റെ പ്രണയം
ഭ്രാന്താണെന്ന്
ഒടുവില്‍ ,നീ 
തിരിച്ചറിഞ്ഞല്ലോ..!!

നീ മറച്ചത്..

കറുത്ത
തുണി കൊണ്ട്
പെണ്ണെ
നീ മൂടിവെച്ചത്‌
നിന്‍
മുഖത്തെയോ..
നാട്യമാം
കപടതയോ.?

Sunday, January 16, 2011

നിഘണ്ടു..



മറന്നോ എന്ന വാക്കും,
മരിച്ചോ എന്ന വാക്കും
എന്‍റെ നിഘണ്ടുവിലെ
ഒരേ അര്‍ത്ഥമുള്ള
രണ്ടു വാക്കുകളാണ്.!!

Tuesday, January 11, 2011

എന്റെ ലോകം...



ഞാനെന്‍റെ ലോകത്താണ്.
സ്വയം തീര്‍ത്ത ലോകത്തില്‍
കാമത്തിന്റെ,ഉന്മാദത്തിന്റെ
അഭിനിവേശത്തിന്റെ ലോകത്തില്‍.

സുഖം മാത്രം തേടി അലയുമെന്നെ-
നീയെന്തു പേര് വിളിക്കും?

ഉന്മാദം മൂര്‍ധന്യത്തിലായൊരു രാവില്‍
എന്‍ ഹൃദയത്തിലൊരു കഠാര തറച്ചു.
ധമനികളെ കീറിമുറിചാഴ്ന്നിറങ്ങിയ-
കഠാര ഇനി തിരിചെടുക്കതിരിക്കാം.

ഇറ്റിറ്റു വീഴും രക്തത്തുള്ളികള്‍
നിലം അശുദ്ധമാക്കാതിരിക്കട്ടെ!

എന്‍ ഉന്മാദമെത്ര ആനന്ദം!
കാമനകള്‍ എത്ര മനോഹരം!

ചിന്തകള്‍ക്കുള്ളില്‍ ചിതലരിചീടും
രാവിന്‍റെ നഗ്നമാം ഗര്‍ഭപാത്രം.
അവിടെയെന്‍ നഷ്ടങ്ങള്‍
ഭ്രൂണമായി വളര്‍ന്നിടാം..
അതവിടെ തന്നെ നശിക്കട്ടെ!

രാവുകള്‍ വീണ്ടും പുലര്‍ന്നിടും
രാവും നാളെയെന്നെ കൈവിടും.
പിന്നെ,ഞാനെന്നെയും..!!

Sunday, January 2, 2011

പുതുവത്സരാശംസകള്‍ .....

നന്മകളും,ഐശ്വര്യവും നിറഞ്ഞ
ഒരു പുതുവത്സരം ആശംസിക്കുന്നു..