home

Saturday, December 11, 2010

ഭാണ്ഡം..



എന്‍ ഹൃദയമൊരു-
മുഷിഞ്ഞ ഭാണ്ഡം.
ഗന്ധവും,ദുര്‍ഗന്ധവും
പ്രാണനും,പുഴുക്കളും
നിറഞ്ഞ ഭാണ്ഡം.!

നീലാകാശത്തിന്‍
തെളിമപോല്‍ ഞാന്‍
കാത്തു സൂക്ഷിക്കാന്‍
ശ്രമിചിടുമ്പോള്‍
മഴമേഘങ്ങള്‍ കണക്കെ
തെറ്റുകള്‍ വന്നുമൂടും ഭാണ്ഡം.!

താങ്ങാന്‍ ശ്രമിചിടും
മാത്രയില്‍ പോലും
പിടഞ്ഞകന്നിടും
ഉയിരിന്‍ വിളിപോല്‍
അളവില്ലാ ഭാരങ്ങളാല്‍
വിറയാര്‍ന്ന കരങ്ങളാ-
ക്കിടും ഭാണ്ഡം.!

അഴിച്ചുവെച്ചോരോന്നായ്
ചികഞ്ഞു നോക്കുമ്പോള്‍
ഞാനറിയാതെയെന്‍ -
യുള്‍തടമറിയാതെ
എങ്ങോ പോയ്‌ മറയും
അത്ഭുത ഭാണ്ഡം.!

ഭാന്ധതിനുള്ളിലെ
ഭാവങ്ങള്‍ കണ്ടു ഞാന്‍
ഭയ ചകിതനായ്‌
ആര്‍ത്തു കരയുമ്പോള്‍
പിടയുമെന്‍ ജീവന്റെ
ഇടയുമീ നാദത്തെ
നിശബ്ദമാക്കീടും ജന്മഭാണ്ഡം..!

Tuesday, December 7, 2010

മുഖം..


ഇതെന്‍റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.

എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്‌..

അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന്‍ ദേവാലയം.
ഇന്നത്‌ തകര്‍ന്നിരിക്കുന്നു.

ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.

എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്‍കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്‌..
അനന്തമാം അഗാധതയിലേക്ക്‌.

സൂര്യന്‍ നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.

ഇനിയില്ല ഞാന്‍.
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്‍
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.

നിനക്കായ്‌ ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.

Saturday, November 20, 2010

കുഞ്ഞാട്..


ഞാനെന്‍ 
ഹൃദയത്തിന്‍ 
ശൂന്യമാം താഴ്‌വരയില്‍
ആട്ടിന്‍പറ്റങ്ങളെ
മേയുവാനയച്ചു.
അവയുടെ
കാലടികളേറ്റെന്‍ ഹൃദയം
കണ്ണാടി വീടുപോല്‍
തകര്‍ന്നു പോയി!

എന്നിട്ടും,ഞാന്‍ മരിച്ചില്ല.!!

Tuesday, November 9, 2010

അയ്യപ്പനിപ്പോള്‍ .....

ഇപ്പോള്‍
മണ്ണിന്റെ നനുത്ത കരങ്ങള്‍
തലോലിക്കുന്നുണ്ടാകും നിന്നെ.

ഇപ്പോള്‍
ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍
നിന്നെക്കുറിച്ചുള്ള വാഴ്ത്താരികള്‍
പാടിനടക്കുകയാകും മാലാഖമാര്‍ .

ഇപ്പോള്‍
നിനക്ക് മുന്‍പേ,മരിച്ചുപോയ
കിളികളും പൂക്കളുമെല്ലാം
ശിഖരങ്ങളായി വന്ന്
നിന്നെ പൊതിയുന്നുണ്ടാകും.

ഇപ്പോള്‍
ഭൂമിയിലുള്ളവര്‍
പറിച്ചെടുക്കാന്‍ മറന്നുപോയ
നിന്റെ ഹൃദയത്തിലെ പൂവ്
നിനക്ക് ചുറ്റും
സുഗന്ധം പരതുന്നുണ്ടാകും.

ഇപ്പോള്‍
ഞങ്ങളിവിടെ,നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ കുപ്പായം
തുന്നികൊണ്ടിരിക്കുകയാണ്.
നിന്റെ സ്വപ്നങ്ങളില്‍
അത്രമാത്രം നിറങ്ങള്‍
നിലാവ് പരത്തിയിരുന്നല്ലോ!

.....(അജയന്‍ കാരാടി)

Tuesday, November 2, 2010

സുമംഗലി...

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ട്ടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.

കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.

കുട്ടിക്കാലം നദിതീരത്തേക്ക്
കൌമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.

നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.

നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു;
നൂറ്റിഒന്നു കുഞ്ഞുങ്ങള്‍.
.............(എ. അയ്യപ്പന്‍)

Saturday, October 23, 2010

കവി എ.അയ്യപ്പന് വിട..

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്പ് ഹൃദയത്തില്‍
നിന്നു ആ പൂവ് പറിക്കണം..
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും..
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌..
(എ.അയ്യപ്പന്‍)

Sunday, August 8, 2010

സാന്ത്വനം....


ഞാനൊരു സ്വപ്നക്കോട്ട വാനോളമുയര്‍ത്തി..
മിനുക്കുപണി നടത്തവേ തകര്‍ന്നു വീണു..
അതിന്റെയാഘാതമെന്‍ മാനസ്സത്തെ-
യിന്നു കാര്‍ന്നു തിന്നുമ്പോള്‍..
ഞാനറിയാതെ വിതുമ്പുന്നു..
ദീര്‍ഘ നിശ്വാസമുതിര്‍ക്കുന്നു.

ഭൂതകാലങ്ങളായവിറക്കുന്നു ഞാന്‍..
കോട്ട തന്‍ പണിയില്‍ ഞാനേറ്റ യാതനയും,
സാഹചര്യങ്ങളോടായി ചെയ്ത യാചനയും
കാറ്റും,മഴയും,സൂര്യനും ചെവി കൊണ്ടില്ല..

വെറും പാഴ് വേലയായെന്റെ യാതന.
വെറും പാഴ് വാക്കു മാത്രമായെന്റെ യാചന.
കാറ്റും,മഴയും,സൂര്യതാപവും താങ്ങാതെ-
നിലംപൊത്തി വീണെന്‍ സ്വപ്നക്കോട്ട..
അങ്ങിനെ ഞാന്‍ ദുഖിതനായി മാറി..

നീറും മനസ്സിന് സാന്ത്വനം തേടി ഞാന്‍
കിട്ടിയതോ എരിതീയിലെണ്ണ മാത്രം..
ഇല്ലെവിടെയും ഒരിറ്റു സാന്ത്വനം.
എവിടെയും സാന്ത്വനം തേടും മനസ്സ് മാത്രം.

പ്രകാശം പരത്തും വിളക്കിലും കാണ്മു-
ഞാന്‍ കത്തിയെരിയുമൊരു തിരിനാളം.
കത്തുന്ന മെഴുകുതിരിയുമുരുകുന്നു.
എവിടെയും കാണുന്നു ഉള്ളിന്റെയുള്ളിലായി-
ദുഖത്തിന്‍ ചെറുകനലെങ്ങിലുമെരിയുന്നതായി
എന്നിട്ടും ഞാനിന്നും തിരയുന്നു..
എവിടെ സാന്ത്വനം നല്‍കും പുഷ്പം?
എവിടെ സാന്ത്വനിപ്പിചിടും കരങ്ങള്‍?

തേടി ഞാനലയുമ്പോള്‍ കാലങ്ങള്‍ കടക്കും..
വേദന വെറുമൊരു മരവിപ്പായി മാറും..
പിന്നെയോ,പരിവര്‍ത്തനം വരും..
ഉറപ്പുള്ള കോട്ട പണിയാന്‍ കരുത്താര്ജിക്കും..
എന്ന് ഞാനിന്നു സ്വയം സാന്ത്വനം നല്‍കുന്നു..
എന്ന് ഞാനിന്നു സ്വയം സാന്ത്വനിക്കുന്നു. 
*************************(ഷാഫി കോട്ടൂര്‍ )

Friday, August 6, 2010

ലക്‌ഷ്യം..

എനിക്കിന്നുറങ്ങണം..
എല്ലാം മറന്നുറങ്ങണം..
എന്റെ നഷ്ട്ടങ്ങള്‍...
കടവിലുപേക്ഷിച്ച-
ചപല സ്വപ്‌നങ്ങള്‍..
എല്ലാം,എല്ലാം ഞാന്‍-
ഈ ചിതയിലെറിയുന്നു..
എരിഞ്ഞടങ്ങിടുമെങ്കില്‍-
നാളെ ഞാനൊരു-
പുതിയ മനുഷ്യന്‍...
ഇല്ലെങ്കില്‍ വീണ്ടുമൊരു-
ഉറക്കത്തിനായി നാളെകളെ-
ശപിച്ചുകൊണ്ടു കിടക്കണം..
ചിതകളുണ്ടാക്കണം..
ആ ചിതയില്‍ സ്വപ്നങ്ങളെ-
വീണ്ടും എരിക്കണം..
എരിഞ്ഞടങ്ങിയില്ലെങ്കില്‍ -
വീണ്ടും ഇതാവര്ത്തിക്കണം..
കൊള്ളാം..ഇതല്ലേ എന്റെ-
ജീവിത ലക്ഷ്യവും..!!

Wednesday, July 28, 2010

പറയാന്‍ മറന്നത്.


ഏറെ പറയാനുണ്ട്‌.
എന്താണ് പറയേണ്ടത്
പറയാതിരുന്നാല്‍
പിന്നെ പറയാന്‍
പലതും ബാക്കിയാവും

അതു നിനക്ക്
അറിയുന്നത് തന്നെ
പലതവണ
പറഞ്ഞത് തന്നെ.

എങ്കിലും,
ഞാന്‍ പറയാം.
"..എനിക്ക് ഭ്രാന്താണ്.."

നിന്റെ ശരിയും,
എന്റെ തെറ്റും
ഞാന്‍ പറയാം

അതു വേണ്ട
എനിക്ക് ഭ്രാന്താണല്ലോ.!!
നാളെ അത്
ഭ്രാന്തന്റെ ജല്പനങ്ങളായി
മാറും.
അതുകൊണ്ട് ഇനി
പറയാനുള്ളതെല്ലാം
ഞാന്‍ മറക്കുന്നു..

Saturday, June 19, 2010

വെളിച്ചം..

ചക്രവാളം ചുമപ്പില്‍ പൊതിഞ്ഞു
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....

**********************ഷാഫി കോട്ടൂര്‍)**)

Thursday, June 17, 2010

റംസി..



റംസി..
നീയൊരു കുഞ്ഞുനക്ഷത്രം.
മിന്നി തിളങ്ങുമൊരു കുഞ്ഞുനക്ഷത്രം..
നീ തിളങ്ങുന്നതാകാശാത്തിലല്ല..
സ്നേഹാര്‍ദ്രമാം എന്‍ ഹൃദയത്തിലാണ്.
ഇന്ന് ,നിന്‍ രൂപമെന്നുള്ളില്‍ തൂവെള്ള-
പട്ടണിഞ്ഞൊരു മാലാഖപോല്‍
ദൈവത്തിന്‍ കരസ്പര്‍ശനമേറ്റ മാലാഖ..

നിന്നെക്കുറിച്ചു ഞാനെന്തു കുറിച്ചിടാന്‍..
ഏതേതു വാക്കിനാല്‍ നിന്നെ വര്‍ണ്ണിക്കുവാന്‍..
അറിയില്ല:യെങ്കിലും ഇത്രയും കുറിപ്പു ഞാന്‍..

നീയെന്‍ ,ഗ്രാമത്തില്‍ പിറന്നവള്‍
ഞാന്‍ നടന്ന വഴികളില്‍ കാലുറപ്പിച്ചവള്‍
മഴ വീണ തൊടികളില്‍ പൂക്കള്‍ തിരഞ്ഞവള്‍
മധുര സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഇരുന്നവള്‍
നിലാവിന്‍ നിഴലില്‍ നിറഞ്ഞൊരാ ചന്ദ്രനെ-
കൈക്കുമ്പിളിലേറ്റു വാങ്ങാന്‍ കൊതിച്ചവള്‍

ഇന്നു ഞാന്‍ നിന്നെയോര്‍ത്തഭിമാനിക്കുന്നു....
നിന്‍ വിരല്‍തുമ്പാല്‍ പുനര്‍ജനിച്ചത് -
കൈവിട്ടു പോയൊരു ജീവനാണ്..
അവള്‍ നിനക്കേറെ പ്രിയപ്പെട്ടവളും..
അതിനു നിന്‍ ചിറകു ദാനമേകി...
നിന്‍ ജന്മം അങ്ങിനെ മാലാഖ തുല്യം ..

ധരണി തന്‍ മകളെ..തുടരുവിന്‍ യാത്ര ..
തളരാതെ,പതറാതെ മുന്നോട്ട് ..
നിന്‍ സ്വപ്നങ്ങള്ക്കിനിയും ചിറകു വിരിക്കൂ...
കാലുകള്‍ അതിനായി കോപ്പു കൂട്ടു...
ഇടറാതിരിക്കാന്‍ ഞാന്‍ കൂട്ടായി വന്നിടാം..
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചാലിച്ചിടാം..
താങ്ങായി,തണലായി ഒപ്പം നിന്നിടാം ...

(ഇവള്‍ റംസീന..എന്റെ നാട്ടുകാരി..സുഹൃത്ത്‌..ധീരതയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് ലഭിച്ചു.ആ ധീരതയ്ക്ക് മുന്നില്‍ ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, June 15, 2010

മനുഷ്യന്‍....

തലയോട്ടി പൊട്ടും അഹങ്കാര ബുദ്ധിയും
ആത്മബോധം കെടുത്തുന്നോരാര്‍ത്തിയും
ജീവിതം വെട്ടിപ്പിടിച്ചടക്കീടുവാന്‍
വെമ്പല്‍ കൊണ്ടെല്ലാം എന്റെയെന്റെ-
തെന്നാര്‍ത്തി മൂത്തടക്കിപ്പിടിക്കുന്നു...
നീയറിയുക നിന്റെ ചെയ്തികള്‍.
അഴുകി നാറുന്ന ജീവചര്യകള്‍
പുഴുത്ത വാക്കുകള്‍ നാക്കു തുപ്പുമ്പോള്‍
കാതു കോളാമ്പിയാക്കി വച്ചു നീ
കൂര്‍ത്തെടുത്തൊരു വാക്കു വിട്ടു നീ
വേട്ടയാടിയൊരു പേടമാനിനെ-
കഴുകനായി നിന്റെ കണ്ണു കൊത്തും..
പുഴുത്ത നായ്ക്കള്‍ തന്‍ കൊഴുത്ത മാംസവും
അഴുക്കു ചാലിലൂടൊഴുക്കി നീക്കുന്ന
നിന്റെ പാദതിന്‍ പാപമാലിന്യം
വിഴുപ്പെടുത്ത നിന്‍ കൈതലോടലില്‍
അഴുക്കു നാറ്റമാണല്ലോ ജീവിതം..
അതിര് വിട്ട പെരുമാറ്റമൊക്കെയും
കതിര് വന്ന വിളകള്‍ തകര്‍ത്തു നീ
ഇരുളകറ്റാനൊരു രാന്തലേന്തി നിന്‍
മനവെളിച്ചം തെളിച്ചു കാട്ടവേ
ആട്ടി വിട്ടു നീ കൂരിരുട്ടിന്‍ കയത്തി-
ലാഴ്ത്തി നിന്‍ മനമൊളിച്ചതും..
വേട്ടയാടി നിന്‍ ക്രൂരമോഹങ്ങള്‍
ആട്ടിന്‍കുട്ടിയുടെ ഹൃദയം ചവച്ചതും
പെറ്റ വയറു കടിച്ചു കീറി നീ
കൂടെപ്പിറപ്പിനെ ചുട്ടെരിച്ചതും
കുറ്റ ബോധമില്ലൊട്ടുമേ നിനക്കറ്റ-
കൈ പ്രയോഗത്തിനായ്.
നേട്ടം കൊയ്യുവാന്‍ ആശ കെട്ടി നീ
കാത്തിരിക്കവേ നിന്നിലും
നാശമെത്തി നിര്‍വീര്യമാക്കുന്നു
പിന്നെ,നിന്നെ പുഴുക്കള്‍ തിന്നുന്നു..

*************ഷാഫി കോട്ടൂര്‍ 

Monday, June 14, 2010

നന്മ..

നന്മയെന്നൊരു വാക്കു പരതി നോക്കി.
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...

Friday, May 28, 2010

ഞാന്‍..


ഞാനൊരു നക്ഷത്രം.
തിളക്കമില്ലാത്ത നക്ഷത്രം.
സ്വയം തിളങ്ങാനാവാതെ-
തിളക്കം നഷ്ട്ടമായ നക്ഷത്രം..

ഞാനൊരു പെരുമഴ.
പെയ്തു തീരാത്ത പെരുമഴ.
തണുത്ത് വിറച്ചു നില്‍ക്കുന്നു ഞാന്‍..
ഈ മഴ പെയ്തു തീരാതിരുന്നെങ്കില്‍ .!

ഞാനൊരു പുഷ്പം.
മണമില്ലാത്ത പുഷ്പം..
നിണം മണമായ മണ്ണില്‍ -
മണം തേടുന്ന പുഷ്പം..
ഈ വെയിലില്‍ കരിഞ്ഞുവീണെങ്കില്‍ .!

ഞാനൊരു ശബ്ദം..
ദിക്കുകളുച്ചതില്‍ മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ദിക്കുന്നവന്‍.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍ .!

ഞാനൊരു പുഴ.
ഒഴുക്കില്ലാത്ത പുഴ.
ഓളങ്ങളുടെ ഒഴുക്കില്‍ -
മോഹങ്ങളോടൊപ്പം ഒഴുകുന്നവന്‍..

ഞാനൊരു കൂരിരുട്ട്.
മിന്നാമിനുങ്ങിന്‍ വെളിച്ചമില്ലാതെ-
കറുത്ത്തുടുത്ത കൂരിരുട്ട്..
ഇരുട്ട് പുലരാതിരുന്നെങ്കില്‍ .!
മൂകം ഞാന്‍ കാവലിരുന്നിടാം..

Wednesday, May 26, 2010

സൈനോജ്..



സൈനോജ്..
നീയിന്നൊരോര്‍മ്മ..
ജ്വലിക്കും സൂര്യന്‍ പോല്‍
വിളങ്ങുമെന്‍ മാനസത്തില്‍ ..

നീ പാടാതെപോയ പാട്ടിന്‍-
ഈരടികള്‍ ഇനി ഞാന്‍ പാടിടാം..
ഈണമുണ്ടാകില്ലെന്നു മാത്രം.
ഒപ്പം ഒഴുകിടും കണ്ണുനീര്‍
തുള്ളിതന്‍ താളവും..

സംഗീതം നിനക്ക് ജീവനായിരുന്നു.
അതിലേറെ എനിക്ക് നിന്നെയും.

ഇനിയും പറഞ്ഞിടാന്‍ എത്രയേറെ
പലതും പറയാതെ നീ ബാക്കിയാക്കി.

മരണത്താല്‍ നീയുമനശ്വരന്‍.
ഓര്‍മ്മതന്‍ ചെരാതിന്‍ ചിപ്പിയില്‍ -
നിന്നെ ഞാന്‍ കാത്തു വെച്ചിടും.
ഒരായിരം ഓര്‍മ്മകള്‍ക്കുള്ളില്‍
നീയിന്നും ജീവിക്കുന്നു.

എന്നന്ത്യം വരെ..!!

(സൈനോജ്..പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന്‍.അകാലത്തില്‍ പൊലിഞ്ഞ ആ കലാകാരന്,എന്റെ പ്രിയ സ്നേഹിതന് ആദരാഞ്ജലികള്‍ ..തിരുവന്തപുരത്ത് വെച്ച് ആദ്യമായി കണ്ടനാള്‍ മുതല്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് വരെ എനിക്ക് നല്‍കിയ ആ സ്നേഹ സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വേദനയോടെ ഈ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, April 13, 2010

അവന്‍...



അവനെന്‍റെ കട്ടിലി-

നരികില്‍ വന്നു നിന്നു.
എന്‍റെ കണ്ണുകളാല്‍ -
അവനെ ഞാന്‍ കണ്ടു...
അവനു തലയില്‍ -
കൊമ്പുകളുണ്ടായിരുന്നില്ല..
അവന്റെ മുഖം-
സൂര്യശോഭ പോലെ..
കയ്യില്‍ നീളമുള്ള-
കയറുമില്ല..
അവന്റെ കയ്യിലൊന്നു-
ഞാന്‍ കണ്ടു.
ഒരിക്കല്‍ നഷ്ട്ടപ്പെട്ട-
എന്‍റെ കറുത്തഹൃദയം..
അവന്‍ എന്നെ വിളിച്ചില്ല.
ആ ഹൃദയം വീണ്ടുമേകി-
അവനിരുളില്‍ മറഞ്ഞു..
അവന്‍ മരണമായിരുന്നു.

Friday, April 2, 2010

ക്ഷണക്കത്ത്....

ശാരികേ,
ഓടുവില്‍ ,നീയുമെന്നില്‍ നിന്നകന്നു.
ഞാന്‍ പകര്‍ന്നേകിയ സൗഹൃദത്തെ-
നീ പ്രണയത്തിന്‍ ഭിത്തിയാല്‍ മറച്ചു.
എന്നെ,നീയും തിരിച്ചറിയാതെ പോയി.
വീണ്ടുമെന്നില്‍ വിഷാദം നിറയുന്നു,
നഷ്ട്ടപ്പെട്ട പ്രണയത്തിന്റെയല്ല.
നല്‍കാതെ പോയ സൌഹൃദത്തിന്റെ.
അതെന്നെ വീണ്ടും ഉന്മാദത്തിലാക്കിടാം.!
നിനക്കായി അതും ഞാനാസ്വദിചിടാം.
എന്നെക്കാണാന്‍ ഒരിക്കല്‍ നീ വരും
എവിടെയായാലു,മെത്രയകലെയായാലും.
എന്റെ വീട്ടിന്റെ ഉമ്മറത്തെ കട്ടിലില്‍ -
ഞാന്‍ നിന്നെയും കാത്തു കിടപ്പുണ്ടാകും..
നീയെത്തിചേര്‍ന്നിടും വരെ..

ചേതനയുണ്ടാവില്ലെന്നു മാത്രം..
തലയ്ക്കല്‍ കത്തിയെരിയും ചന്ദനത്തിരികളില്‍
നീയെന്‍ സൌഹൃദത്തിന്‍ ഗന്ധമറിഞ്ഞിടും..!!
ആ ഗന്ധം നീ മതിവരുവോളം നുകരുക.
ജഡമാണെങ്കിലും അതു ഞാനറിയും..
പിന്നെയെന്‍ മുഖത്തേക്ക് നോക്കുക,
പാതിയടഞ്ഞ കണ്ണുകളിലൊരു തിളക്കം-
നീ കണ്ടിടും;അത് നീയെടുത്തു കൊള്‍ക..
മരണത്തിനും കീഴ്പ്പെടുതാനാകാത്ത -
എന്റെ നിറസൌഹൃദത്തിന്റെ തിളക്കം..
അതെങ്കിലും നീ തിരിച്ചറിഞ്ഞാല്‍ -
എന്റെ ഈ ശലഭജന്മം സഫലം..!!

Friday, March 26, 2010

ഒരു പ്രണയത്തിന്റെ ഓര്‍മയ്ക്ക്...

എന്‍ ഹൃദയത്തിലണപൊട്ടിയോഴുകുന്നോ-
രാര്‍ദ്രമാം സ്നേഹത്തിന്‍ മുത്തു ഞാന്‍ തിരയവേ,
ഒന്നു മിണ്ടാതെ,ഒരുവാക്ക് പറയാതെ-
എന്നില്‍ നിന്നകന്നു പോയതെന്താണ് നീ ?

പുഷ്പതിനുള്ളിലെ തേന്‍കണം പോലെ -
ഞാന്‍ നിന്നിലെ സ്നേഹം കൊതിച്ചപ്പോള്‍..
കാറ്റിലിളകി പറക്കുന്നയിലകള്‍ പോല്‍-
പറന്നകന്നെങ്ങൂ മറഞ്ഞതെന്താണ് നീ ?

ഓര്‍മ്മകള്‍ മങ്ങിയ നിന്‍ ഹൃദയത്തിനുള്‍കോണില്‍-
സ്നേഹത്തിന്‍ കണിക ഞാന്‍ വീണ്ടും നിറയ്ക്കവേ..
അറിയില്ല നിന്നെ ഞാന്‍, കാണുന്നതാദ്യമായി-
എന്നോതി എന്നില്‍ നിന്നോളിച്ചതെന്താണ് നീ ?

സ്നേഹത്തിന്‍ പൂവും,സഹനത്തിന്‍വിളക്കുമായി-
എന്നുള്ളില്‍ കൂടുതേടി വന്നവളെ..
ഓര്‍ക്കുന്നു,ഞാനെന്നുമെന്നും...
ഓര്‍മ്മകള്‍ നല്കുന്നോരിരിറ്റു കണ്ണീരാല്‍....!!

Wednesday, March 24, 2010

പശ്ചാത്താപം...

ഞാനെന്‍ ഹൃദയാങ്ങണത്തില്‍
പാപത്തിന്‍ വന്മരം നട്ടു.
ഇടയ്ക്കിടയ്ക്ക് അതിന്റെ ചോട്ടില്‍
കണ്ണീര്‍ കണങ്ങളാല്‍ നനച്ചു.
കാലം വളക്കൂട്ടായി അലിഞ്ഞപ്പോള്‍
വൃക്ഷം വേഗം പൂക്കളിട്ടു.
ആരുമറിയാതെ വൃക്ഷ ശിഖരങ്ങളില്‍
ഖേദ പശ്ചാതാപക്കനികള്‍ കായ്ച്ചു.
അങ്ങിനെ, ഞാന്‍ അത്യുന്നതങ്ങളിലെ-
മുന്തിരിത്തോപ്പുകളില്‍ എത്തിച്ചേര്‍ന്നു.
സംസാര സാഗരത്തിന്‍ മറുകര ഞാന്‍ താണ്ടി.
സ്നേഹത്തിന്‍ അരുവിയാല്‍ ദാഹം തീര്‍ത്തു.
മുള്ളുകള്‍ നിറഞ്ഞ പാത രാജവീഥിയായി.
അവ എന്‍ മുന്നിലാരോ വിരിച്ചിട്ട-
പട്ടു പരവതാനികളായി മാറി...
അനന്തമാം ആകാശത്തിന്‍ തിരശീല-
ഞാനെന്‍ കൈകളാല്‍ വലിച്ചുനീക്കി..
അവിടത്തെ സ്വര്‍ഗക്കാഴ്ചകള്‍ -
ഞാനെന്‍ നഗ്നനേത്രങ്ങളാല്‍ കണ്ടു...

അനിര്‍വചനീയമായ നിര്‍വൃതി..!!
ആ നിര്‍വൃതിയത്രെ സായുജ്യം..!!!
അതെത്രെ ജന്മപുണ്യം...!!!

Saturday, February 20, 2010

മരുഭൂമി...


ഈ ചുമരിനപ്പുറം മരുഭൂമിയാണ്.
ദൂരങ്ങളോളം പടര്‍ന്നു കിടക്കുന്നു.
ശൂന്യമാമെന്‍ മനസ്സ് പോലെ..

കാറ്റില്‍ പറന്നകന്നിടും മണല്‍തരി-
കളെന്‍ വ്യര്‍ത്ഥമാം മോഹങ്ങളാണ്.
അതിനി തിരിച്ചു വരാതിരിക്കട്ടെ.
കാഴ്ചകളെ മൂടിയേക്കാം.!

അകലെയൊരു പച്ചപ്പ്‌ കാണുന്നു.
അതെന്‍ പ്രതീക്ഷകളാകാം..
ആ പച്ചപ്പു തേടി യാത്രയാകുന്നു.

കാലടികള്‍ മണ്ണില്‍ പതിയാതിരിക്കട്ടെ.
പതിയും കാല്‍പ്പാടുകള്‍ കാറ്റ് മൂടിക്കളയട്ടെ..
അതിനി ആരും പിന്തുടരരുത്..
എങ്കില്‍ ഞാനവര്‍ക്കും വഴി മാറികൊടുക്കണം.
അവിടെ ഞാന്‍ ചിലപ്പോള്‍ പരാജിതനാകും.!

ഇനി മുന്നോട്ടുള്ള യാത്ര സുഗമമല്ല.
കാറ്റിനും ശക്തി കൂടിയിരിക്കുന്നു.
പാദത്തിന്നടിയിലെ മണലും-
അത് തള്ളി മാറ്റുന്നു.
ഇപ്പോളെറെ ദൂരം ഞാന്‍ താണ്ടി.
മടങ്ങിയാല്‍ ഞാന്‍ പരജിതനാകും.!!
ഇല്ല,വച്ച കാല്‍ മുന്നോട്ടു തന്നെ.

എവിടെയോ ഒരു ഇടി മുഴക്കം.
അത് മഴക്കുള്ള തുടക്കമാകാം.
മണല്‍തരികളെ മഴ ചിലപ്പോള്‍ -
ശാന്തമാക്കിയേക്കാം...
എന്‍ ഹൃദയത്തെയാര് ശാന്തമാക്കും?
അറിയില്ല,എങ്കിലും യാത്ര തുടരുന്നു.!!

Saturday, February 13, 2010

എന്‍റെ പ്രണയം

ഒരിക്കല്‍,
ഞാന്‍ നിനക്കൊരു-
ചുവന്ന 
പനിനീര്‍പൂവ് തന്നു.
അതില്‍ നിറയെ 
എന്‍റെ പ്രണയമായിരുന്നു.

ഇന്ന്, 
നീയെനിക്കൊരു-
ചുവന്ന 
ചെമ്പരത്തിപൂവ് തന്നു.
ചെവിയില്‍ വയ്ക്കാന്‍ !
!!

ഞാനത് 
ചെവിയില്‍ വയ്ക്കില്ല.!!
വാടാതെ 
കാത്തു വയ്ക്കുന്നു..

നിന്‍റെ  ഓര്‍മ്മക്കല്ല...!!
ആ പൂവിന്‍റെ ഓര്‍മയ്ക്ക്..!!!

"പ്രണയം..സുഖമുള്ളൊരു നൊമ്പരം."

Tuesday, February 9, 2010

ഓര്‍മ്മയില്‍ കൊച്ചിന്‍ ഹനീഫ


പ്രിയപ്പെട്ട ഹനീഫിക്കാ.
എങ്ങിനെ ഞാന്‍ മറക്കും...
ഒപ്പം ചിലവിട്ട നിമിഷങ്ങള്‍
നല്‍കിയ ഉപദേശങ്ങള്‍
സ്നേഹാര്‍ദ്രമായ വാക്കുകള്‍
ഓര്‍ക്കുന്നു,ഞാനാ നാളുകള്‍

എന്‍റെ ചുമലില്‍ പിടിച്ച്-
ഒരിക്കല്‍ അങ്ങ് പറഞ്ഞില്ലേ.
നിന്നോടെനിക്ക് വാത്സല്യമാണെന്ന്
ഓര്‍ക്കാതിരിക്കാനാകുമോ എനിക്ക്?

ഒരു നിഴലായി ഞാന്‍ കണ്ട മരണം.
ഇപ്പോള്‍ അങ്ങയെ കൊണ്ടുപോയി.
കാണുന്നു,ഞാനെന്‍ ഉള്‍കണ്ണില്‍ -
സുസ്മേര വദനനാം പൂക്കാക്കയെ..
കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ നല്‍കി..
യാത്ര പോയൊരെന്‍ കലാകാരാ...
വിട പറയുന്നില്ല ഞാന്‍....
പറഞ്ഞാല്‍ അങ്ങെനിക്കന്യനാകും.

തകരാതെ കാക്കുന്ന ഓര്‍മകള്‍ക്കുള്ളില്‍ -
അങ്ങ് ഇന്നും ജീവിക്കുന്നു...
ഇല്ല, ഞാന്‍ മറക്കില്ല...
ഞാന്‍ മരിക്കും നാള്‍ വരെ...

ഇതൊരു ഓര്‍മ്മക്കുറിപ്പല്ല ....
സ്വയം ഓര്‍മ്മപ്പെടുത്തലാണ് !!

Thursday, February 4, 2010

പ്രതിരൂപം

ആകാശം 
എനിക്കിഷ്ട്ടമാണ്.
മഞ്ഞണിഞ്ഞ 
രാത്രികളെയും,...
നിലാവുള്ള രാത്രികളില്‍ 
വെറുതെ നീലാകാശം 
നോക്കി കിടക്കാറുണ്ട്..
നിലാവിനോട് 
ഞാന്‍ കഥകള്‍ പറയും,
മേഘങ്ങളോടു വേദനകളും...

നീലാകാശ ചെരുവില്‍ 
ചന്ദ്രനോടൊപ്പം ഒരിക്കല്‍ 
ഞാന്‍ യാത്ര ചെയ്തപ്പോള്‍..
ഒരു കുഞ്ഞു നക്ഷത്രത്തെ കണ്ടു.
അവനു മനുഷ്യന്‍റെ 
രൂപമായിരുന്നു!!
തൂവെള്ള ചിറകുകളും.

മേഘങ്ങളുടെ തൂവെള്ള -
പുതപ്പു വലിച്ചു മാറ്റി 
അവന്‍ എന്നരികില്‍ വന്നു.
അടുക്കും തോറും 
അവനൊരു-ശലഭമായി 
എനിക്ക് തോന്നി.
എന്‍റെ  അരികില്‍ 
അവന്‍ വന്നിരുന്നു..
മുഖത്തേക്ക് ഞാന്‍ 
സൂക്ഷിച്ചു നോക്കി..
എന്റെ അതെ രൂപം.
ചിറകുണ്ടെന്നു മാത്രം..
അവന്‍ ഗന്ധര്‍വനായിരുന്നു.!

ഗന്ധര്‍വന്‍;
അവനെന്‍റെ  പ്രതിരൂപമാണോ?

Saturday, January 30, 2010

ഹരിയേട്ടന്‍....

ക്ഷണികമാമെന്‍ -
 ജീവിത യാത്രയില്‍-
കണ്ടുമുട്ടിയോരെന്‍ 
സ്നേഹ നിറദീപമേ-
നിന്നെ ഞാന്‍ -
ഏട്ടനെന്നു വിളിപ്പു.

ആരുമല്ലായിരുന്നു 
നാള്‍ വരെയെനിക്കു നീ.
ഇന്നെന്‍റെ ഹൃത്തില്‍ 
നീ തെളിനീര്‍ തെളിച്ചു.
നിന്‍ ചിരിയെന്‍ കാതില്‍ 
സംഗീതമായ്,
നിന്‍ സ്വരമെന്‍ 
ഹൃദയ മന്ത്രമായി.
ഏട്ടന്‍..,ഏട്ടന്‍..,ഏട്ടനാണ് 
ഇന്നെനിക്കു നീ.
ദൈവം തന്നൊരു 
നിധിയാണ്‌ നീ..

കാത്തു വെയ്ക്കും 
ഞാനീ ജന്മമെല്ലാം..
ഇനിവരും ജന്മങ്ങളിലും..

എന്‍ വിരല്‍തുമ്പില്‍ 
ഒന്നു പിടിക്കുക.
മുന്നോട്ടു നീ നടന്നീടുക.
അനുജനായി ഞാന്‍ 
നിന്‍ പുറകെ നടന്നിടാം..

ഇനിയെന്‍ 
കാലുകളിടറില്ല.
താങ്ങാന്‍ നിന്‍ 
കരങ്ങളുണ്ടല്ലോ.
കണ്ണുകള്‍ നിറയില്ല.
മിഴിനീര്‍-തുടക്കാന്‍ 
നീ അരികിലുണ്ടല്ലോ...

മനസ്സില്‍ ഇപ്പോഴും 
ഒരു മന്ത്രം മാത്രം...
ഏട്ടന്‍..,ഏട്ടന്‍,ഏട്ടനാണ് 
ഇന്നെനിക്കു നീ..


.......സമര്‍പ്പണം ഹരിദാസ്‌ എട്ടന്.....
(പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിദാസ്‌ )

Wednesday, January 27, 2010

പുഞ്ചിരി...

സുഹൃത്തേ,
ഞാനെന്ന സത്യം ഒരിക്കല്‍ നീ അറിയും.
അന്ന് നീ എന്നെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കും.
അതിനു നിനക്ക് കരയാന്‍ അറിയില്ലല്ലോ..?
പിന്നെയോ,...നീ പുഞ്ചിരിക്കും..!!
ആ പുഞ്ചിരി നിന്റെ മാത്രം അവകാശമാണ്.
വെളുത്ത കടലാസ്സില്‍ എന്റെ അക്ഷരങ്ങള്‍ക്ക്-
നിറം നഷ്ട്ടമായിരിക്കുന്നു.
എഴുതുന്നതൊന്നും അക്ഷരങ്ങളാകുന്നില്ല.
അതും എന്നെ നോക്കി പുഞ്ചിരിക്കുന്നു..
പേനയെ ഞാന്‍ കുറ്റം പറയുന്നില്ല..
മഷി ഞാന്‍ നിറച്ചതാണ്...
അതിനും അവകാശമായിക്കോട്ടേ..!!
ഇനി എനിക്ക് എഴുതുവാനാകില്ല..
കാരണം,വിരലുകള്‍ വിറക്കുവാന്‍ തുടങ്ങി..
ചിന്തകള്‍ക്കും നിറം ഇല്ലാതായിരിക്കുന്നു..
തിരയടങ്ങിയ കടല്‍ പോലെയാണ് ഞാന്‍..
ചിന്തകളില്‍ വെളുത്ത നിറം മാത്രം..
പിന്നെ, കുറെ നിഴല്‍ രൂപങ്ങളും..
അവക്ക് നിന്റെ ചായയുള്ളതായി തോന്നുന്നു..
മങ്ങിയ കണ്ണുകളില്‍ പുഞ്ചിരി വെളിച്ചമാകട്ടെ..
ആ വെളിച്ചത്തില്‍ ഒരു മഴവില്ല് വിരിയട്ടെ..!!
അതുവരെ ഞാന്‍ കാത്തിരിക്കും..
വെളുത്ത വെളിച്ചം മഴവില്ലാകുന്നത് വരെ..
അന്ന് ഞാനും പുഞ്ചിരിക്കും..
പുഞ്ചിരി എന്റെ അന്ത്യമായിരിക്കും...
അതും ഞാന്‍ നിനക്ക് നല്‍കുന്നു..
എല്ലാറ്റിനും നന്ദി..നീ തന്ന സ്നേഹത്തിനും..
ഇനി നീ നല്‍കുംപുഞ്ചിരിക്കും..

പണയം

ഈ ലോകം 
ഇന്നെനിക്കന്യമാണ്.
എന്‍റെ ഓര്‍മ്മകള്‍,
ചിന്തകള്‍,സ്വപ്‌നങ്ങള്‍-
ആരോ പണയം 
വച്ചിരിക്കുന്നു...
എന്‍റെ ഹൃദയവും.!

അങ്ങിനെ ഞാന്‍ 
ഹൃദയമില്ലാത്തവനായി.
തിരിച്ചെടുക്കാനാവാത്ത 
വിധം ബലമുള്ള-
ചങ്ങലകള്‍ കൊണ്ട് 
താഴിട്ടു പൂട്ടിയിരിക്കുന്നു.
പുറത്ത് കാവല്‍ക്കാരും!!

കാഴ്ചകള്‍ക്ക് ഞാന്‍ 
കരാറു നല്‍കുന്നു.
ചവിട്ടി നില്‍ക്കുന്ന 
മണ്ണിനു പാട്ടവും.

ഇതിനെല്ലാം ഇന്നവര്‍ 
പലിശ ചോദിക്കുന്നു.
എന്തു ഞാന്‍ നല്‍കും,
എങ്ങിനെ നല്‍കും.!
തിരിച്ചു വേണ്ടയിനി 
എനിക്കതൊന്നും.
എല്ലാം അവര്‍ തന്നെ 
എടുത്തു കൊള്ളട്ടെ.

ഇനിയീ ജീവിതം 
സ്വയം പണയപ്പെടുത്താം.
അതിനു മാത്രം 
പലിശ ചോദിക്കരുത്.!!

Sunday, January 24, 2010

കണ്ണുനീര്‍ ..

ഇന്നെന്‍റെ കണ്ണില്‍
നിന്നടര്‍ന്നുവീണ-
കണ്ണീരിനു കറുപ്പ് നിറം.!
വിഷത്തിന്‍ -
ഗന്ധവും,ചവര്‍പ്പും.
അതെന്‍ ശരീരമാകെ-
പടര്‍ന്നിറങ്ങി...
വെളുത്ത വസ്ത്രത്തെ-
വികലമാക്കി...
ദ്രവിച്ച ഹൃദയത്തെയും.!

കണ്ടു മടുത്ത കാഴ്ചകള്‍
കണ്ടു കരയാതിരുന്നൊരെന്‍
കണ്ണുകള്‍ ചിലപ്പോള്‍
പൊട്ടി തകര്‍ന്നൊരു-
ലാവയായി പുറത്തേക്ക്
ഒഴുകിയതാവാം..!

ഭ്രാന്തന്‍...


ഇന്നലെ ഞാനൊരു 
ഭ്രാന്തനോടൊപ്പമായിരുന്നു.
പറയി പെറ്റ പന്തിരു കുലത്തിന്‍
പാരമ്പര്യം കാത്തവന്‍..
അവന്‍റെ കാലില്‍ മന്തുണ്ടായിരുന്നു.
വ്രണങ്ങളില്‍ നിന്നു വമിക്കും 
ദുര്‍ഗന്ധവും..
അതിപ്പോള്‍ എന്‍റെ ഹൃദയത്തിലും!

ചുടലപ്പറമ്പിലെ കത്തുന്ന 
മാംസങ്ങള്‍ക്ക്
ശാന്തമായി അവന്‍ കൂട്ടിരുന്നു.
ദിക്കുകള്‍ ഞെട്ടുമാറുച്ചത്തില്‍ 
 പൊട്ടി പൊട്ടി ച്ചിരിച്ചു.
 പുലഭ്യം പറഞ്ഞു.
അവനു കൂട്ടായി ഞാനും!

എന്‍റെ മുന്നിലെ കത്തുന്ന  
മാംസങ്ങള്‍ക്ക് -വെടിപ്പുകയുടെ
 ഗന്ധമാണെന്നു മാത്രം.
അഫ്ഘാനില്‍ ,ഇറാക്കില്‍ ,
ഇന്ത്യയില്‍ -പലസ്തീനില്‍ 
ഞാനും ആ ഗന്ധമറിഞ്ഞു.
അല്ല ഇപ്പോഴും അറിയുന്നു.
മരവിച്ചു എന്‍റെ  നാസേന്ത്രിയങ്ങള്‍ 
മറ്റൊരു ഗന്ധവും  തിരിച്ചറിയുന്നില്ല.

 അവന്‍ കൂമന്‍ കുന്നിനു 
മുകളിലേക്ക്ഭാരമുള്ള 
കല്ലുകള്‍ ഉരുട്ടി കയറ്റി.
ഞാനെന്‍റെ  മോഹങ്ങള്‍ക്ക്
 മുകളിലേക്കും.!!
കല്ലുകള്‍  കയങ്ങളിലേക്ക്
തള്ളി  അവനട്ടഹസിച്ചു.
ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ
 താഴ്വരകളിലേക്കും!

പറയുക ...
ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
'ഭ്രാന്ത'നോ,ഒപ്പം കൂടിയവനോ..!!

Saturday, January 23, 2010

പ്രവാസം..

പ്രവാസം
ഒരു തടവറയാണ്.
സ്വപ്നങ്ങള്‍ക്കുമേല്‍ -
സ്വയം തീര്‍ത്ത തടവറ!

അടഞ്ഞ വാതിലിന്‍
താക്കോല്‍  പഴുതിലൂടെ-
പുറത്തേക്കു 
നോക്കുമ്പോള്‍ ശൂന്യത.
പടര്‍ന്ന ഇരുട്ട് പോലെ
അതു ഹൃദയമാകെ-
 പരക്കുന്നു.!!

എന്തു നല്‍കി 
എനിക്കീ പ്രവാസം?
വേദനകള്‍,വിരഹങ്ങള്‍,
ഒറ്റപ്പെടലുകള്‍,
തിരിച്ചു കിട്ടാതെ 
നഷ്ടമായ ദിനങ്ങള്‍.                          

അല്ല;
നഷ്ട്ടപ്പെടുത്തിയതെന്നു
ഞാന്‍ തിരുത്തുന്നു.
പിന്നെ,കുറേ 
ഓര്‍മ്മപ്പെടുത്തലും.!!