home

Wednesday, June 22, 2011

മഴയിലൂടെ...

മഴത്തുള്ളികള്‍
വീണ വഴികളില്‍
നഗ്നമാം പാദം
പതിഞ്ഞൊരാ മണ്ണില്‍
നോക്കെത്താ ദൂരം
ഞാന്‍ നിന്നെയും
തേടി നടന്നു.

നിനക്ക് തരാന്‍
ഞാന്‍ കയ്യില്‍ കരുതിയ
പനിനീര്‍ പൂക്കളില്‍
എന്‍ പ്രണയത്തിന്‍
സൌരഭ്യമായിരുന്നു.

എവിടെയാണ് നീ..
എത്ര ദൂരെയാണ് നീ.
എന്റെ പ്രണയം
നീ അറിയാതെ പോയോ.!!

Monday, June 20, 2011

പുഴക്കരയില്‍ ...

ഒരവധി ദിവസം,
ഞാനെന്നെത്തെയും പോലെ
അന്നും പുഴക്കരയില്‍
ഇളം തെന്നലേല്‍ക്കുവാന്‍ പോയി.

അപ്പോള്‍ ,
സൂര്യന്‍ ഗഗനത്തിന്‍ പടിഞ്ഞാറേ-
ചെരുവില്‍ അസ്തമിക്കാന്‍
കടലിനോടനുവാദം ചോദിക്കുകയാണ്.

സായന്തനത്തില്‍ തിരക്കേറെ-
യുള്ളൊരു പുഴയാണിത്.
കുഞ്ഞിനെ തേടി പായുന്ന മീനും,
കൂടുകള്‍ തേടി പറക്കും പക്ഷികളും,
കൂട്ടമായലയും കൊക്കിന്‍ കൂട്ടവും,
മുങ്ങി നീരാടും നീര്‍കാക്കകളും,
പാറമേല്‍ നല്ലൊരു സ്ഥാനം പിടിച്ചിട്ടു
ചിറകു കുടഞ്ഞുണക്കും പൊന്മാനുകളും,
വൃക്ഷങ്ങളില്‍ കിടന്നൂഞ്ഞാലാടും-
വികൃതിക്കുറുമ്പരാം വാനരക്കൂട്ടവും
ബഹളം കൂട്ടും സ്ഥലമാണിത്.

പക്ഷെ,ഇന്നിവിടം നിശബ്ദം..!!
പക്ഷികള്‍ കൂടൊഴിഞ്ഞത് പോലെ,
മീനുകള്‍ ഗര്‍ഭത്തിലൊളിച്ചത് പോലെ,
വൃക്ഷങ്ങള്‍ കാറ്റിനെ തടഞ്ഞത് പോലെ,
ഇലകള്‍ മൗനത്തിലാണ്ടത് പോലെ,
പുഴയിലോളങ്ങള്‍ നിലച്ചത് പോലെ,
ഇളം കാറ്റിനുഷ്ണം ഏറിയത് പോലെ,

ഓര്‍ത്തു ഞാന്‍ കാരണമെന്തെന്നു?
ചിന്താ മഗ്നനായി ഞാനൊരു
ചരിഞ്ഞ മരച്ചുവട്ടിലിരുന്നപ്പോള്‍
ഒരു പക്ഷി കടന്നു വന്നെന്‍ കാതില്‍ മൂളി
"സ്നേഹിതാ,..നിന്‍ വര്‍ഗം ഇത്രെയും ഹീനരോ?"

ഇതിന്‍ പൊരുളറിയുവാന്‍ തിരിഞ്ഞു ഞാന്‍ നോക്കെ,
ഒരസ്ത്രം പാഞ്ഞു വന്നാ പക്ഷിയെ തറച്ചു.
ഇനിയുമൊരു വാക്ക് ചൊല്ലുവാനാകാതെ
ആ പക്ഷിയെന്‍ മുന്നില്‍ പിടഞ്ഞു വീഴുന്നു.
രക്തം പുരണ്ട ചിറകിട്ടടിച്ചാ പക്ഷി
അല്പം ദയക്കായി എന്നെ നോക്കുന്നു.

കാട് വിറക്കും അട്ടഹാസവുമായൊരു വേടന്‍
ഓടിയെത്തിയാ പക്ഷിയെ എടുക്കുന്നു.
"കൊള്ളാം നിനക്ക് ഭാരമില്ലെങ്കിലും
മാംസ്യം രുചിയില്‍ മുമ്പനാണല്ലോ!"
എന്നയാള്‍ പുലമ്പിയകലുന്നു..

നിശബ്ദാന്തരീക്ഷതിന്‍ കാരണമറിയവെ
വേദനാ ഹൃദയനായ്,വിഷാദ ചിത്തനായ്
തിരികെ ഞാന്‍ നടന്നു..!!

Monday, May 16, 2011

ബ്ലൂ ടൂത്ത്

പ്രണയം നടിച്ചു-
വലയിലാക്കി.

പിന്നെ,
പ്രണയത്തിന്‍ മറവില്‍
അവളെ ഭോഗിച്ചു.

ചിത്രങ്ങള്‍
കാമറയില്‍ പകര്‍ത്തി
സുഹൃത്തുക്കള്‍ക്ക് നല്‍കി.

അവര്‍ ,
ആ നഗ്ന ചിത്രങ്ങള്‍
ബ്ലൂ ടൂത്തിലൂടെ
ലോകത്തിനു
സമ്മാനിച്ചു കൊണ്ടിരുന്നു!

Saturday, May 14, 2011

അടയാളങ്ങള്‍


കാലത്തിന്‍ സായന്തന പടവുകളില്‍
വീണ്ടും,നാം കണ്ടുമുട്ടുമ്പോള്‍
എങ്ങിനെനെയാണ് തിരിച്ചറിയുക?

ജരാനരകള്‍ വീണമുടികള്‍ കണ്ടോ?
 ഊന്നിപ്പിടിച്ചവടികള്‍ കണ്ടോ?
വാര്‍ധക്യം ചുംബിച്ചമുഖം കണ്ടോ?
തമ്മില്‍ അറിഞ്ഞ മനസ്സ്‌  കണ്ടോ?

അറിയാതെയെങ്കിലും 
മനസ്സില്‍ കരുതുന്നു.
സഹയാത്രികെ,നിന്നെ 
അറിയുവാന്‍ തെളിവുകള്‍

വര്‍ഷവും, വസന്തവും
ഒരുപാട് കൊഴിഞ്ഞെങ്കിലും
എന്നോര്‍മ്മയിലിന്നും
കാത്തു സൂക്ഷിക്കുന്നു.
നിന്നുടെ വശ്യമാം ലാളിത്യ പുഞ്ചിരി.
മായില്ലോരിക്കലും
അതെന്‍ മനസ്സില്‍ നിന്നും.
മായ്ക്കാന്‍ കഴിയില്ല ഈ ജന്മമെല്ലാം.!!

Friday, April 29, 2011

സുനാമികള്‍ ..


കാണുവാന്‍ വയ്യ ഈ ഭീകരക്കാഴ്ചകള്‍
എന്‍ കണ്ണിനെ കുരുടാക്കി മാറ്റീടുക.
കേള്‍ക്കുവാന്‍ വയ്യ ഈ ദീനരോദനങ്ങള്‍
കാതിനെയടര്‍ത്തി നീയെടുത്തീടുക.
താങ്ങുവാന്‍ വയ്യ ഈ നൊമ്പരപ്പാടുകള്‍
ഹൃദയത്തെ പാറപോലുറപ്പാക്കുക.

ഞാനന്ധത ബാധിച്ച മാനവന്‍!
ജീവിതം സ്വാര്‍ത്ഥതയാല്‍ ചാലിച്ചവന്‍!
വാക്കില്‍ കൊടും വിഷം ഊറ്റി നിറച്ചവന്‍!
നെഞ്ചില്‍ വന്‍ചതി താരാട്ടായി ചേര്‍ത്തവന്‍!
സാമൂഹ്യ ബന്ധം വേരറ്റു പോയവന്‍!
സഹജരെ പരിഹാസകണ്ണാല്‍ കണ്ടവന്‍!
ഇന്നെന്റെ സ്വാര്‍ഥതാ ബോധമെല്ലാം
ഈ സുനാമി തിരകളില്‍ തകര്‍ന്നു പോയി.

ഇതെന്‍ അഹന്തയ്ക്ക് നേര്‍വന്ന വന്‍ തിര
എന്‍ സ്വപ്നങ്ങളെ തകര്‍ത്ത വന്‍ തിര.
എന്‍റെയുള്ളത്തെ തുറപ്പിച്ച തീതിര.
എന്‍ കണ്ണീരിനെയൊലിപ്പിച്ച കൊടുംതിര.
എന്‍ ക്രൂരചിത്തത്തെ തലോടിയ തീതിര.
അടയാത്തോരെന്‍  കണ്ണിന്‍ നനവറ്റ തീരങ്ങളില്‍
ഓര്‍മ്മകള്‍ സുനാമികളായ് ആഞ്ഞടിചീടുന്നു.

ഇല്ലെനിക്കൊന്നും ഇന്നീ പാരില്‍ സ്വന്തമായ്
ഞാന്‍ കാത്ത സുന്ദര സ്വപ്‌നങ്ങള്‍ പോലും.
അവയ്ക്ക് നിറമേകിയ സമ്പാദ്യങ്ങള്‍ പോലും.
എല്ലാം ഈ സുനാമിയിലലിഞ്ഞു പോയി.

എന്നെ തനിച്ചാക്കി എന്‍ പ്രിയരെല്ലാം
ഈ കടലിന്‍ കയങ്ങളില്‍ യാത്രപോയി.
മടങ്ങിയെതാത്തൊരു യാത്രയിലൂടവരെന്നെ
ജീവിത പന്ഥാവില്‍ അനാഥനാക്കി.
ഏകനായി അലയുന്നോരെന്നെ തലോടാന്‍
ഉയിരാം പ്രിയ പത്നിതന്‍ വിരലുമില്ല.
എന്‍ രക്തബിന്ദു ക്കളാം മക്കള്‍ തന്‍ വേര്‍പാട്
അന്തരംഗത്തെ കുത്തി പറിക്കുന്നു.
മറക്കാന്‍ ശ്രമിക്കുംതോരുമെന്‍ മാനസം
മുറിവിന്‍ കൂമ്പാരങ്ങളായ് മാറീടുന്നു.
ഓര്‍മ്മകള്‍ ആഞ്ഞടിചീടും ജീവിതക്കടലിന്‍-
കണ്ണീര്‍ തിരകളില്‍ ഞാന്‍ പെട്ടു പോയി.
ഒരിറ്റു സ്നേഹം കൊതിചീടുമിന്നെന്നെ
സാന്ത്വനിപ്പിക്കാനിന്നാരുമില്ല.

സ്നേഹിച്ചിട്ടില്ല ഞാനീ സമൂഹത്തെ
സ്നേഹിച്ചിട്ടില്ല ഞാനെന്‍ പ്രിയരേ,
എന്നെ ഞാനാക്കിയ പെറ്റമ്മയെ പോലും.
ക്രൂരമാം മനസ്സിന്‍ ഇരുട്ടാര്‍ന്ന മുറിയില്‍
പിശാചിനെപോല്‍ ഞാനവരെ കുടിയിരുത്തി.
ഭാര്യ തന്‍ ഭാരിച്ച വാക്കിനാല്‍ ഞാനവരെ
കാല്‍വരിക്കുരിശില്‍ തറച്ചുമിട്ടു.
ആ രക്തചിത്രമെന്‍ ആത്മാവിനുള്ളില്‍
ആനന്ദ ചിത്രങ്ങളായ് കുടിയേറി.
നേരിന്‍ വഴികളിലേക്ക് എന്നെ നടത്തിയ
അച്ഛനെ ഞാനൊരു നാള്‍ ആട്ടിയിറക്കി.
വാര്‍ധക്യം കവര്‍ന്നോരാ കാല്‍കളില്‍ ഞാന്‍
മടങ്ങി വരരുതെന്ന തുടലുമിട്ടു.
വേദനയോടെയാ തുടലും വഹിച്ചെന്നച്ചന്‍
തെരുവില്‍ഒരു ഭിക്ഷുവായലഞ്ഞു.
ഒടുവില്‍ മാറാരോഗബാധിതനായ്
തെരുവിന്‍ മാലിന്യങ്ങളില്‍ മരിച്ചു വീണു.
ക്രൂശിന്‍ വേദന താങ്ങാനാകാതെ
ഒരു നാള്‍ അമ്മയും തളര്‍ന്നു വീണു.
ഏറെ കഴിയാതെ അവരുമീ ലോകത്തിന്‍
കാപട്യങ്ങളില്‍ നിന്നും യാത്ര പറഞ്ഞു.

അവര്‍ തന്‍ സ്നേഹക്കടലിന്‍ അഗതതകളില്‍
മാപ്പിന്‍ സുനാമികള്‍ എനിക്കായ് പിറന്നിരുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനെന്‍ ജന്മധാതാക്കള്‍ തന്‍
ഹൃദയത്തിനുള്ളിലെ വന്‍ സ്നേഹതിരകളെ.
ആ വന്‍ തിരകളാവാം ഇന്നെന്നെ തനിച്ചാക്കി
മറ്റുള്ളതെല്ലാം കവര്‍ന്നെടുതകന്നത്..!!

ലോകമാം വൃദ്ധസദനങ്ങളില്‍ നിന്നുയരും
വൃദ്ധരാം മുന്‍ഗാമികള്‍ തന്‍
വേദനാകണ്ണീരിന്‍ വന്‍ പാച്ചിലാകാം-
ആഞ്ഞടിക്കുന്നോരീ സുനാമികള്‍ !!!

ഇനിയെന്‍ ജീവിതക്കടലിന്‍ മീതെ
നൊമ്പരസുനാമികള്‍ ഉയര്‍ന്നു വന്നീടുമോ?
അവയെന്റെ ജീവനാദ സ്പന്ദനത്തെ
രേഖയില്ലാതെ നാശമാക്കീടുമോ?
അറിയില്ലയെങ്കിലും കാത്തിരിപ്പൂ
സുനാമികള്‍ എന്നെ കീഴ്പ്പെടുത്തീടുവാന്‍.
സുനാമിയിലെല്ലാം തകര്‍ന്നടങ്ങീവാന്‍..!!!

വിരഹം


സായാഹ്ന കിരണങ്ങള്‍ ചിരി തൂകി നില്‍ക്കും
സുന്ദരിപ്പുഴയുടെ തീരത്ത് വെറുതെ ഞാന്‍
കവിതകളാല്‍ സ്വപ്നചിത്രം മെനയുമ്പോള്‍
ഓളങ്ങളായി കടന്നു വന്നെത്തിയെന്‍ ഹൃത്തില്‍
പ്രണയിനീ..നിന്നെക്കുരിച്ചോരായിരം ഓര്‍മ്മകള്‍ .

ആത്മാര്‍ത്ഥ പ്രണയത്തിന്‍ പൂച്ചെണ്ടുമായെന്‍
അന്തരാത്മാവില്‍ ഇടം തേടി വന്നവളെ
നിന്നെ കാണാതെ,നിന്‍ വാക്ക് കേള്‍ക്കാതെ
എങ്ങനെയാണ് ഞാനുറങ്ങീടുക?

പ്രണയത്തിന്‍ തീരത്ത് നാം നട്ടോരീ
പ്രേമത്തിന്‍ വൃക്ഷം വളര്‍ന്നു പന്തലിക്കെ
ഉണങ്ങിക്കൊഴിയും ഇലകള്‍ക്കിടയിലെവിടെയോ
നാമറിയാതെ വിരഹം പതിയിരുന്നു.

കാലം നമുക്കിടയില്‍ കാര്‍മേഘം പെയ്തപ്പോള്‍
പിരിയാതെ നമുക്ക് മാര്‍ഗമില്ലായിരുന്നു.
തമ്മില്‍ വിടചൊല്ലി പിരിഞ്ഞുപോയ നാള്‍
എങ്ങനെയാണ് മറക്കാനാകുക?

കൊതിക്കുന്നുവെന്‍ പ്രണയിനീ ഞാന്‍
നിന്നുടെ മധുരമാം വാക്ക് കേള്‍ക്കാന്‍
ഇനിയെന്ന് കാണുമെന്നറിയില്ലയെങ്കിലും
നിന്‍ വിരഹ വേദന ഞാനറിയുന്നു.
നിന്‍ ചിരി കാണാതെ, ക്ഷേമങ്ങളറിയാതെ
അകലെ നില്‍ക്കാനെനിക്ക് എങ്ങനെ കഴിയും?

പ്രണയലേഖനം


പ്രിയേ,കുറിക്കട്ടെയോ
ഞാന്‍ നിനക്കായ്
ദുഖത്തോടെയീ കവിത.

ഒരിക്കല്‍ നീയെന്‍ മനസ്സില്‍
ഒരു താളമായ് കടന്നു വന്നു.
പിന്നെ അത് സ്വപ്നമായ് മാറി.

നിനക്കറിയാമായിരുന്നു;
നിന്‍ വിശാല ഹൃദയത്തിന്‍
അഗാതതകളിലേക്ക് ആഴ്ന്നിറങ്ങാന്‍
മാത്രം മോഹിച്ചവനാണ് ഞാനെന്ന്.
വെറുതെയാണെങ്കിലും
മോഹിച്ചു പോയി ഞാന്‍
ജീവിതം മോഹങ്ങള്‍ നിറഞ്ഞതല്ലേ?

ജീവിതമാം നാടകത്തിന്‍ -
അലസമാം യാത്രകള്‍ക്കിടയിലെവിടെയോ
നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്‍ ജീവനെക്കാളുപരി സ്നേഹിച്ചു.
ഓര്‍മ്മയില്‍ നിന്നും ഒരിക്കലും അടര്‍ത്തി
മാറ്റാനാവാത്ത വിധം വിശ്വസിച്ചു.
അതാണോ ഞാന്‍ ചെയ്ത തെറ്റ്?

അറിയില്ല;
വേദനകള്‍ കുന്നു കൂടിയോരെന്‍
മനസ്സ് അക്ഷമനായ് ആര്‍ത്തിരമ്പുന്നു.
അവക്കിടയിലെവിടെയോ ഒരുഗ്രസ്നേഹത്തിന്‍
തേങ്ങലുകള്‍ ഞെരിഞ്ഞമരുന്നു.
അതിന്‍ സ്പന്ധനങ്ങളെന്‍ ഹൃദയത്തിന്‍-
ഉള്‍ക്കോണില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

ഒന്നുരിയാടാനാഗ്രഹിക്കും മൂകനെ പോല്‍ ,
വിരലുകളും,നാവും നശിച്ച കവിയെ പോല്‍
ഞാനും കണ്ണീര്‍ ചാലിന്‍ തേന്‍മണം കൊണ്ട്
പ്രണയത്തെ അറിയുന്നു;ആസ്വദിക്കുന്നു...