home

Sunday, April 14, 2013

വികാരങ്ങള്‍


എന്നില്‍
ആളിക്കത്തി
കെട്ടടങ്ങിയത്
വെറും വികാരങ്ങള്‍
മാത്രമായിരുന്നു!
ജീവനും,ചോരയും,
മാംസവുമില്ലാതെ
നിശ് ചേതനമായ
വികാരങ്ങള്‍ !
അതാണ്‌,നീയെന്നില്‍
പടര്‍ന്നിറങ്ങിയപ്പോള്‍
എനിക്ക് 
നിര്‍വികാരനാകേണ്ടി വന്നത്!!

മുറിവ്

വാക്ശരം കൊണ്ടെന്‍റെ
ഹൃദയം മുറിഞ്ഞു.
വാള്‍മുന കൊണ്ടെന്‍റെ
ശിരസ്സും..!!

Friday, August 12, 2011

കാഴ്ച

പുലര്‍ച്ചെ,
പടവില്‍
പുഞ്ചിരിക്കുന്ന മുഖം കണ്ടു.

ഉച്ചക്ക്,
മുറ്റത്തെ കൊന്നയില്‍
കെട്ടിയ കറുത്ത തുണി കണ്ടു.

വൈകിട്ട്,
പറമ്പില്‍
എരിഞ്ഞടങ്ങുന്ന ചിത കണ്ടു.

ഒരു ദിനം കൊണ്ട്
ഒരു മനുഷ്യ ജന്മം
അസ്തമിചീടുന്ന കാഴ്ച കണ്ടു.!!




നിഷേധി

മത വിശ്വാസങ്ങള്‍ക്ക് ഞാനോ,
മതങ്ങള്‍ എന്റെ 
വിശ്വാസങ്ങള്‍ക്കോ
എതിരല്ല..!!

പിന്നെ,ഞാനെങ്ങനെ
കപട വിശ്വാസിയും,
മത നിഷേധിയുമാകും..!!

Thursday, July 21, 2011

കാഴ്ചകള്‍

കേള്‍ക്കുന്നുവെന്‍ കര്‍ണ്ണപുടങ്ങളില്‍
പ്രകൃതി തന്‍ അട്ടഹാസങ്ങള്‍
കാണുന്നു; ഞാനെന്‍ നിമീലിത നയനങ്ങളില്‍
വരണ്ടുണങ്ങിയ ഭൂമിയുടെ ഹൃദയങ്ങള്‍
അകലെയെവിടെയോ വനമരചില്ലയില്‍
ഒരു പക്ഷിയിടറുന്നു സ്വരം വിറച്ചപോല്‍
'അറിയില്ലയിനി എന്ത് ചെയ്യണമെന്നാരോ
വീഥികളുടെ വിജനതയിലുറക്കെ മന്ത്രിക്കുന്നു.

ഒരു മാത്രയിലിതള്‍ വിരിയുമൊരു കുഞ്ഞു പുഷ്പം
ഇളകിയൊന്നാടാന്‍ ഇളം തെന്നല്‍ തേടുന്നു.
ഓളങ്ങള്‍ ഒളിമിന്നും ഒരു കൊച്ചു നദിയോ
ഓമനിച്ചുറക്കാന്‍ ഒരു മത്സ്യം തിരയുന്നു.
അമ്മിഞ്ഞപ്പാല്‍ മധുരം നുകരാനാവാതെ
ഒരു ബാലന്‍ തെരുവില്‍ കനിവിനായ് കേഴുന്നു.
രാഷ്ട്രീയ ലഹരിയില്‍ സര്‍വ്വം മറന്നോരുപാട്
യുവാക്കള്‍ നടുവഴികളിലിഴഞ്ഞു മരിക്കുന്നു.

"ഒരു ജാതി,ഒരു മതം,ഒരു ദൈവം" എന്നുപദേശിച്ച
ഗുരുവിന്‍ ശില്പങ്ങള്‍ തല്ലി തകര്‍ക്കുന്നു.
ജാതി മതത്തിന്‍ പേര് പറഞ്ഞെന്‍ സോദര്‍
പരസ്പരം വെട്ടിയും,കുത്തിയും ചാകുന്നു.
സ്വാര്‍ത്ഥ താല്പര്യതിനായ് പെറ്റമ്മയെപ്പോലും
കൊലപ്പെടുത്താന്‍ ചിലര്‍ മിടുക്ക് കാട്ടുന്നു.
സഹോദരിമാരുടെ ചാരിത്ര്യം പോലും
അങ്ങാടികളില്‍ തൂക്കി വില്‍ക്കുന്നു.

മാതൃത്വം പോലും വിലക്ക് വാങ്ങി ചിലര്‍
സ്നേഹത്തിന്‍ മധുരമാം പാഠങ്ങള്‍ തേടുന്നു.
സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു
വേദനയോടെ ഒരു വൃദ്ധ എന്തോ പുലമ്പുന്നു.
നാടുകള്‍ വൃദ്ധ സദനങ്ങളാല്‍ നിറയുന്നു.
അവരുടെ കണ്ണീരുകള്‍ ശാപനദിയായി ഒഴുകുന്നു.

അതിതീഷ്ണമായെരിയും സൂര്യന്റെ ചൂടേറ്റു
ഹരിത വനങ്ങള്‍ ഉണങ്ങിക്കൊഴിയുന്നു.
കറുകപ്പുല്ലിന്‍ സ്വാദിനായ് ഒരു മാന്‍
കാടുകള്‍ തോറും തേടി മടങ്ങുന്നു.

ഓസോണ്‍ പാളികളില്‍ നിന്നൊഴുകും വിഷങ്ങള്‍
ഭൂമിയെ ക്യാന്‍സറായ് കാര്‍ന്നു തിന്നുന്നു.
മലിന ജലമൊഴുകും ഓടകളില്‍ പോലും
ഗര്‍ഭാശയങ്ങള്‍ നിണക്കൂട്ടമായൊഴുകുന്നു.
തെരുവിലെ ബാല്യത്തിന്‍ അന്ടങ്ങളില്‍ ചിലര്‍
മാനഭംഗത്തിന്‍ ക്രൂര ബീജങ്ങള്‍ നിറക്കുന്നു.

കാശിന്‍ കൂമ്പാരം മാലോകരറിയാന്‍
ലോകം മണി സൌധങ്ങളായ് മാറുന്നു.
വേദനകൊണ്ടീ മണ്ണും വിറക്കുന്നു.
സ്നേഹവും,ശാന്തിയും പോയ്‌ മറയുന്നു.
ഭീകരവാദത്തിന്‍ പോരിനാല്‍ നന്മ നശിച്ചീ
നാടുകളെല്ലാം ചോരക്കളങ്ങളായ് മാറുന്നു.
മണ്ണും,മനുഷ്യനും ഒന്നു ചേരുന്നു.
ആര്‍ത്തിയാല്‍ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു.
ദീനരോദനങ്ങള്‍ ദിഗന്ദങ്ങള്‍ മുഴങ്ങുന്നു.
രക്തഗന്ധം ലോകമാകെ പരക്കുന്നു.

ഇതാണിന്നെന്‍ ലോകം,ഇതാണെന്‍ കാഴ്ചകള്‍
കണ്ടു മടുത്തോരെന്‍ ഹൃദയം തപിക്കുന്നു;
"സമയമായ് എനിക്കീ ലോകത്തെ വെടിയുവാന്‍."

Wednesday, June 22, 2011

മഴയിലൂടെ...

മഴത്തുള്ളികള്‍
വീണ വഴികളില്‍
നഗ്നമാം പാദം
പതിഞ്ഞൊരാ മണ്ണില്‍
നോക്കെത്താ ദൂരം
ഞാന്‍ നിന്നെയും
തേടി നടന്നു.

നിനക്ക് തരാന്‍
ഞാന്‍ കയ്യില്‍ കരുതിയ
പനിനീര്‍ പൂക്കളില്‍
എന്‍ പ്രണയത്തിന്‍
സൌരഭ്യമായിരുന്നു.

എവിടെയാണ് നീ..
എത്ര ദൂരെയാണ് നീ.
എന്റെ പ്രണയം
നീ അറിയാതെ പോയോ.!!

Monday, June 20, 2011

പുഴക്കരയില്‍ ...

ഒരവധി ദിവസം,
ഞാനെന്നെത്തെയും പോലെ
അന്നും പുഴക്കരയില്‍
ഇളം തെന്നലേല്‍ക്കുവാന്‍ പോയി.

അപ്പോള്‍ ,
സൂര്യന്‍ ഗഗനത്തിന്‍ പടിഞ്ഞാറേ-
ചെരുവില്‍ അസ്തമിക്കാന്‍
കടലിനോടനുവാദം ചോദിക്കുകയാണ്.

സായന്തനത്തില്‍ തിരക്കേറെ-
യുള്ളൊരു പുഴയാണിത്.
കുഞ്ഞിനെ തേടി പായുന്ന മീനും,
കൂടുകള്‍ തേടി പറക്കും പക്ഷികളും,
കൂട്ടമായലയും കൊക്കിന്‍ കൂട്ടവും,
മുങ്ങി നീരാടും നീര്‍കാക്കകളും,
പാറമേല്‍ നല്ലൊരു സ്ഥാനം പിടിച്ചിട്ടു
ചിറകു കുടഞ്ഞുണക്കും പൊന്മാനുകളും,
വൃക്ഷങ്ങളില്‍ കിടന്നൂഞ്ഞാലാടും-
വികൃതിക്കുറുമ്പരാം വാനരക്കൂട്ടവും
ബഹളം കൂട്ടും സ്ഥലമാണിത്.

പക്ഷെ,ഇന്നിവിടം നിശബ്ദം..!!
പക്ഷികള്‍ കൂടൊഴിഞ്ഞത് പോലെ,
മീനുകള്‍ ഗര്‍ഭത്തിലൊളിച്ചത് പോലെ,
വൃക്ഷങ്ങള്‍ കാറ്റിനെ തടഞ്ഞത് പോലെ,
ഇലകള്‍ മൗനത്തിലാണ്ടത് പോലെ,
പുഴയിലോളങ്ങള്‍ നിലച്ചത് പോലെ,
ഇളം കാറ്റിനുഷ്ണം ഏറിയത് പോലെ,

ഓര്‍ത്തു ഞാന്‍ കാരണമെന്തെന്നു?
ചിന്താ മഗ്നനായി ഞാനൊരു
ചരിഞ്ഞ മരച്ചുവട്ടിലിരുന്നപ്പോള്‍
ഒരു പക്ഷി കടന്നു വന്നെന്‍ കാതില്‍ മൂളി
"സ്നേഹിതാ,..നിന്‍ വര്‍ഗം ഇത്രെയും ഹീനരോ?"

ഇതിന്‍ പൊരുളറിയുവാന്‍ തിരിഞ്ഞു ഞാന്‍ നോക്കെ,
ഒരസ്ത്രം പാഞ്ഞു വന്നാ പക്ഷിയെ തറച്ചു.
ഇനിയുമൊരു വാക്ക് ചൊല്ലുവാനാകാതെ
ആ പക്ഷിയെന്‍ മുന്നില്‍ പിടഞ്ഞു വീഴുന്നു.
രക്തം പുരണ്ട ചിറകിട്ടടിച്ചാ പക്ഷി
അല്പം ദയക്കായി എന്നെ നോക്കുന്നു.

കാട് വിറക്കും അട്ടഹാസവുമായൊരു വേടന്‍
ഓടിയെത്തിയാ പക്ഷിയെ എടുക്കുന്നു.
"കൊള്ളാം നിനക്ക് ഭാരമില്ലെങ്കിലും
മാംസ്യം രുചിയില്‍ മുമ്പനാണല്ലോ!"
എന്നയാള്‍ പുലമ്പിയകലുന്നു..

നിശബ്ദാന്തരീക്ഷതിന്‍ കാരണമറിയവെ
വേദനാ ഹൃദയനായ്,വിഷാദ ചിത്തനായ്
തിരികെ ഞാന്‍ നടന്നു..!!