കാണുവാന്‍ വയ്യ ഈ ഭീകരക്കാഴ്ചകള്‍
എന്‍ കണ്ണിനെ കുരുടാക്കി മാറ്റീടുക.
കേള്‍ക്കുവാന്‍ വയ്യ ഈ ദീനരോദനങ്ങള്‍
കാതിനെയടര്‍ത്തി നീയെടുത്തീടുക.
താങ്ങുവാന്‍ വയ്യ ഈ നൊമ്പരപ്പാടുകള്‍
ഹൃദയത്തെ പാറപോലുറപ്പാക്കുക.
ഞാനന്ധത ബാധിച്ച മാനവന്‍!
ജീവിതം സ്വാര്‍ത്ഥതയാല്‍ ചാലിച്ചവന്‍!
വാക്കില്‍ കൊടും വിഷം ഊറ്റി നിറച്ചവന്‍!
നെഞ്ചില്‍ വന്‍ചതി താരാട്ടായി ചേര്‍ത്തവന്‍!
സാമൂഹ്യ ബന്ധം വേരറ്റു പോയവന്‍!
സഹജരെ പരിഹാസകണ്ണാല്‍ കണ്ടവന്‍!
ഇന്നെന്റെ സ്വാര്‍ഥതാ ബോധമെല്ലാം
ഈ സുനാമി തിരകളില്‍ തകര്‍ന്നു പോയി.
ഇതെന്‍ അഹന്തയ്ക്ക് നേര്‍വന്ന വന്‍ തിര
എന്‍ സ്വപ്നങ്ങളെ തകര്‍ത്ത വന്‍ തിര.
എന്‍റെയുള്ളത്തെ തുറപ്പിച്ച തീതിര.
എന്‍ കണ്ണീരിനെയൊലിപ്പിച്ച കൊടുംതിര.
എന്‍ ക്രൂരചിത്തത്തെ തലോടിയ തീതിര.
അടയാത്തോരെന്‍ കണ്ണിന്‍ നനവറ്റ തീരങ്ങളില്‍
ഓര്‍മ്മകള്‍ സുനാമികളായ് ആഞ്ഞടിചീടുന്നു.
ഇല്ലെനിക്കൊന്നും ഇന്നീ പാരില്‍ സ്വന്തമായ്
ഞാന്‍ കാത്ത സുന്ദര സ്വപ്‌നങ്ങള്‍ പോലും.
അവയ്ക്ക് നിറമേകിയ സമ്പാദ്യങ്ങള്‍ പോലും.
എല്ലാം ഈ സുനാമിയിലലിഞ്ഞു പോയി.
എന്നെ തനിച്ചാക്കി എന്‍ പ്രിയരെല്ലാം
ഈ കടലിന്‍ കയങ്ങളില്‍ യാത്രപോയി.
മടങ്ങിയെതാത്തൊരു യാത്രയിലൂടവരെന്നെ
ജീവിത പന്ഥാവില്‍ അനാഥനാക്കി.
ഏകനായി അലയുന്നോരെന്നെ തലോടാന്‍
ഉയിരാം പ്രിയ പത്നിതന്‍ വിരലുമില്ല.
എന്‍ രക്തബിന്ദു ക്കളാം മക്കള്‍ തന്‍ വേര്‍പാട്
അന്തരംഗത്തെ കുത്തി പറിക്കുന്നു.
മറക്കാന്‍ ശ്രമിക്കുംതോരുമെന്‍ മാനസം
മുറിവിന്‍ കൂമ്പാരങ്ങളായ് മാറീടുന്നു.
ഓര്‍മ്മകള്‍ ആഞ്ഞടിചീടും ജീവിതക്കടലിന്‍-
കണ്ണീര്‍ തിരകളില്‍ ഞാന്‍ പെട്ടു പോയി.
ഒരിറ്റു സ്നേഹം കൊതിചീടുമിന്നെന്നെ
സാന്ത്വനിപ്പിക്കാനിന്നാരുമില്ല.
സ്നേഹിച്ചിട്ടില്ല ഞാനീ സമൂഹത്തെ
സ്നേഹിച്ചിട്ടില്ല ഞാനെന്‍ പ്രിയരേ,
എന്നെ ഞാനാക്കിയ പെറ്റമ്മയെ പോലും.
ക്രൂരമാം മനസ്സിന്‍ ഇരുട്ടാര്‍ന്ന മുറിയില്‍
പിശാചിനെപോല്‍ ഞാനവരെ കുടിയിരുത്തി.
ഭാര്യ തന്‍ ഭാരിച്ച വാക്കിനാല്‍ ഞാനവരെ
കാല്‍വരിക്കുരിശില്‍ തറച്ചുമിട്ടു.
ആ രക്തചിത്രമെന്‍ ആത്മാവിനുള്ളില്‍
ആനന്ദ ചിത്രങ്ങളായ് കുടിയേറി.
നേരിന്‍ വഴികളിലേക്ക് എന്നെ നടത്തിയ
അച്ഛനെ ഞാനൊരു നാള്‍ ആട്ടിയിറക്കി.
വാര്‍ധക്യം കവര്‍ന്നോരാ കാല്‍കളില്‍ ഞാന്‍
മടങ്ങി വരരുതെന്ന തുടലുമിട്ടു.
വേദനയോടെയാ തുടലും വഹിച്ചെന്നച്ചന്‍
തെരുവില്‍ഒരു ഭിക്ഷുവായലഞ്ഞു.
ഒടുവില്‍ മാറാരോഗബാധിതനായ്
തെരുവിന്‍ മാലിന്യങ്ങളില്‍ മരിച്ചു വീണു.
ക്രൂശിന്‍ വേദന താങ്ങാനാകാതെ
ഒരു നാള്‍ അമ്മയും തളര്‍ന്നു വീണു.
ഏറെ കഴിയാതെ അവരുമീ ലോകത്തിന്‍
കാപട്യങ്ങളില്‍ നിന്നും യാത്ര പറഞ്ഞു.
അവര്‍ തന്‍ സ്നേഹക്കടലിന്‍ അഗതതകളില്‍
മാപ്പിന്‍ സുനാമികള്‍ എനിക്കായ് പിറന്നിരുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനെന്‍ ജന്മധാതാക്കള്‍ തന്‍
ഹൃദയത്തിനുള്ളിലെ വന്‍ സ്നേഹതിരകളെ.
ആ വന്‍ തിരകളാവാം ഇന്നെന്നെ തനിച്ചാക്കി
മറ്റുള്ളതെല്ലാം കവര്‍ന്നെടുതകന്നത്..!!
ലോകമാം വൃദ്ധസദനങ്ങളില്‍ നിന്നുയരും
വൃദ്ധരാം മുന്‍ഗാമികള്‍ തന്‍
വേദനാകണ്ണീരിന്‍ വന്‍ പാച്ചിലാകാം-
ആഞ്ഞടിക്കുന്നോരീ സുനാമികള്‍ !!!
ഇനിയെന്‍ ജീവിതക്കടലിന്‍ മീതെ
നൊമ്പരസുനാമികള്‍ ഉയര്‍ന്നു വന്നീടുമോ?
അവയെന്റെ ജീവനാദ സ്പന്ദനത്തെ
രേഖയില്ലാതെ നാശമാക്കീടുമോ?
അറിയില്ലയെങ്കിലും കാത്തിരിപ്പൂ
സുനാമികള്‍ എന്നെ കീഴ്പ്പെടുത്തീടുവാന്‍.
സുനാമിയിലെല്ലാം തകര്‍ന്നടങ്ങീവാന്‍..!!!