home

Saturday, November 20, 2010

കുഞ്ഞാട്..


ഞാനെന്‍ 
ഹൃദയത്തിന്‍ 
ശൂന്യമാം താഴ്‌വരയില്‍
ആട്ടിന്‍പറ്റങ്ങളെ
മേയുവാനയച്ചു.
അവയുടെ
കാലടികളേറ്റെന്‍ ഹൃദയം
കണ്ണാടി വീടുപോല്‍
തകര്‍ന്നു പോയി!

എന്നിട്ടും,ഞാന്‍ മരിച്ചില്ല.!!

Tuesday, November 9, 2010

അയ്യപ്പനിപ്പോള്‍ .....

ഇപ്പോള്‍
മണ്ണിന്റെ നനുത്ത കരങ്ങള്‍
തലോലിക്കുന്നുണ്ടാകും നിന്നെ.

ഇപ്പോള്‍
ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍
നിന്നെക്കുറിച്ചുള്ള വാഴ്ത്താരികള്‍
പാടിനടക്കുകയാകും മാലാഖമാര്‍ .

ഇപ്പോള്‍
നിനക്ക് മുന്‍പേ,മരിച്ചുപോയ
കിളികളും പൂക്കളുമെല്ലാം
ശിഖരങ്ങളായി വന്ന്
നിന്നെ പൊതിയുന്നുണ്ടാകും.

ഇപ്പോള്‍
ഭൂമിയിലുള്ളവര്‍
പറിച്ചെടുക്കാന്‍ മറന്നുപോയ
നിന്റെ ഹൃദയത്തിലെ പൂവ്
നിനക്ക് ചുറ്റും
സുഗന്ധം പരതുന്നുണ്ടാകും.

ഇപ്പോള്‍
ഞങ്ങളിവിടെ,നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ കുപ്പായം
തുന്നികൊണ്ടിരിക്കുകയാണ്.
നിന്റെ സ്വപ്നങ്ങളില്‍
അത്രമാത്രം നിറങ്ങള്‍
നിലാവ് പരത്തിയിരുന്നല്ലോ!

.....(അജയന്‍ കാരാടി)

Tuesday, November 2, 2010

സുമംഗലി...

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ട്ടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.

കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.

കുട്ടിക്കാലം നദിതീരത്തേക്ക്
കൌമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.

നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.

നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു;
നൂറ്റിഒന്നു കുഞ്ഞുങ്ങള്‍.
.............(എ. അയ്യപ്പന്‍)