home

Monday, June 14, 2010

നന്മ..

നന്മയെന്നൊരു വാക്കു പരതി നോക്കി.
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...

Friday, May 28, 2010

ഞാന്‍..


ഞാനൊരു നക്ഷത്രം.
തിളക്കമില്ലാത്ത നക്ഷത്രം.
സ്വയം തിളങ്ങാനാവാതെ-
തിളക്കം നഷ്ട്ടമായ നക്ഷത്രം..

ഞാനൊരു പെരുമഴ.
പെയ്തു തീരാത്ത പെരുമഴ.
തണുത്ത് വിറച്ചു നില്‍ക്കുന്നു ഞാന്‍..
ഈ മഴ പെയ്തു തീരാതിരുന്നെങ്കില്‍ .!

ഞാനൊരു പുഷ്പം.
മണമില്ലാത്ത പുഷ്പം..
നിണം മണമായ മണ്ണില്‍ -
മണം തേടുന്ന പുഷ്പം..
ഈ വെയിലില്‍ കരിഞ്ഞുവീണെങ്കില്‍ .!

ഞാനൊരു ശബ്ദം..
ദിക്കുകളുച്ചതില്‍ മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ദിക്കുന്നവന്‍.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍ .!

ഞാനൊരു പുഴ.
ഒഴുക്കില്ലാത്ത പുഴ.
ഓളങ്ങളുടെ ഒഴുക്കില്‍ -
മോഹങ്ങളോടൊപ്പം ഒഴുകുന്നവന്‍..

ഞാനൊരു കൂരിരുട്ട്.
മിന്നാമിനുങ്ങിന്‍ വെളിച്ചമില്ലാതെ-
കറുത്ത്തുടുത്ത കൂരിരുട്ട്..
ഇരുട്ട് പുലരാതിരുന്നെങ്കില്‍ .!
മൂകം ഞാന്‍ കാവലിരുന്നിടാം..

Wednesday, May 26, 2010

സൈനോജ്..



സൈനോജ്..
നീയിന്നൊരോര്‍മ്മ..
ജ്വലിക്കും സൂര്യന്‍ പോല്‍
വിളങ്ങുമെന്‍ മാനസത്തില്‍ ..

നീ പാടാതെപോയ പാട്ടിന്‍-
ഈരടികള്‍ ഇനി ഞാന്‍ പാടിടാം..
ഈണമുണ്ടാകില്ലെന്നു മാത്രം.
ഒപ്പം ഒഴുകിടും കണ്ണുനീര്‍
തുള്ളിതന്‍ താളവും..

സംഗീതം നിനക്ക് ജീവനായിരുന്നു.
അതിലേറെ എനിക്ക് നിന്നെയും.

ഇനിയും പറഞ്ഞിടാന്‍ എത്രയേറെ
പലതും പറയാതെ നീ ബാക്കിയാക്കി.

മരണത്താല്‍ നീയുമനശ്വരന്‍.
ഓര്‍മ്മതന്‍ ചെരാതിന്‍ ചിപ്പിയില്‍ -
നിന്നെ ഞാന്‍ കാത്തു വെച്ചിടും.
ഒരായിരം ഓര്‍മ്മകള്‍ക്കുള്ളില്‍
നീയിന്നും ജീവിക്കുന്നു.

എന്നന്ത്യം വരെ..!!

(സൈനോജ്..പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന്‍.അകാലത്തില്‍ പൊലിഞ്ഞ ആ കലാകാരന്,എന്റെ പ്രിയ സ്നേഹിതന് ആദരാഞ്ജലികള്‍ ..തിരുവന്തപുരത്ത് വെച്ച് ആദ്യമായി കണ്ടനാള്‍ മുതല്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് വരെ എനിക്ക് നല്‍കിയ ആ സ്നേഹ സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വേദനയോടെ ഈ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, April 13, 2010

അവന്‍...



അവനെന്‍റെ കട്ടിലി-

നരികില്‍ വന്നു നിന്നു.
എന്‍റെ കണ്ണുകളാല്‍ -
അവനെ ഞാന്‍ കണ്ടു...
അവനു തലയില്‍ -
കൊമ്പുകളുണ്ടായിരുന്നില്ല..
അവന്റെ മുഖം-
സൂര്യശോഭ പോലെ..
കയ്യില്‍ നീളമുള്ള-
കയറുമില്ല..
അവന്റെ കയ്യിലൊന്നു-
ഞാന്‍ കണ്ടു.
ഒരിക്കല്‍ നഷ്ട്ടപ്പെട്ട-
എന്‍റെ കറുത്തഹൃദയം..
അവന്‍ എന്നെ വിളിച്ചില്ല.
ആ ഹൃദയം വീണ്ടുമേകി-
അവനിരുളില്‍ മറഞ്ഞു..
അവന്‍ മരണമായിരുന്നു.

Friday, April 2, 2010

ക്ഷണക്കത്ത്....

ശാരികേ,
ഓടുവില്‍ ,നീയുമെന്നില്‍ നിന്നകന്നു.
ഞാന്‍ പകര്‍ന്നേകിയ സൗഹൃദത്തെ-
നീ പ്രണയത്തിന്‍ ഭിത്തിയാല്‍ മറച്ചു.
എന്നെ,നീയും തിരിച്ചറിയാതെ പോയി.
വീണ്ടുമെന്നില്‍ വിഷാദം നിറയുന്നു,
നഷ്ട്ടപ്പെട്ട പ്രണയത്തിന്റെയല്ല.
നല്‍കാതെ പോയ സൌഹൃദത്തിന്റെ.
അതെന്നെ വീണ്ടും ഉന്മാദത്തിലാക്കിടാം.!
നിനക്കായി അതും ഞാനാസ്വദിചിടാം.
എന്നെക്കാണാന്‍ ഒരിക്കല്‍ നീ വരും
എവിടെയായാലു,മെത്രയകലെയായാലും.
എന്റെ വീട്ടിന്റെ ഉമ്മറത്തെ കട്ടിലില്‍ -
ഞാന്‍ നിന്നെയും കാത്തു കിടപ്പുണ്ടാകും..
നീയെത്തിചേര്‍ന്നിടും വരെ..

ചേതനയുണ്ടാവില്ലെന്നു മാത്രം..
തലയ്ക്കല്‍ കത്തിയെരിയും ചന്ദനത്തിരികളില്‍
നീയെന്‍ സൌഹൃദത്തിന്‍ ഗന്ധമറിഞ്ഞിടും..!!
ആ ഗന്ധം നീ മതിവരുവോളം നുകരുക.
ജഡമാണെങ്കിലും അതു ഞാനറിയും..
പിന്നെയെന്‍ മുഖത്തേക്ക് നോക്കുക,
പാതിയടഞ്ഞ കണ്ണുകളിലൊരു തിളക്കം-
നീ കണ്ടിടും;അത് നീയെടുത്തു കൊള്‍ക..
മരണത്തിനും കീഴ്പ്പെടുതാനാകാത്ത -
എന്റെ നിറസൌഹൃദത്തിന്റെ തിളക്കം..
അതെങ്കിലും നീ തിരിച്ചറിഞ്ഞാല്‍ -
എന്റെ ഈ ശലഭജന്മം സഫലം..!!

Friday, March 26, 2010

ഒരു പ്രണയത്തിന്റെ ഓര്‍മയ്ക്ക്...

എന്‍ ഹൃദയത്തിലണപൊട്ടിയോഴുകുന്നോ-
രാര്‍ദ്രമാം സ്നേഹത്തിന്‍ മുത്തു ഞാന്‍ തിരയവേ,
ഒന്നു മിണ്ടാതെ,ഒരുവാക്ക് പറയാതെ-
എന്നില്‍ നിന്നകന്നു പോയതെന്താണ് നീ ?

പുഷ്പതിനുള്ളിലെ തേന്‍കണം പോലെ -
ഞാന്‍ നിന്നിലെ സ്നേഹം കൊതിച്ചപ്പോള്‍..
കാറ്റിലിളകി പറക്കുന്നയിലകള്‍ പോല്‍-
പറന്നകന്നെങ്ങൂ മറഞ്ഞതെന്താണ് നീ ?

ഓര്‍മ്മകള്‍ മങ്ങിയ നിന്‍ ഹൃദയത്തിനുള്‍കോണില്‍-
സ്നേഹത്തിന്‍ കണിക ഞാന്‍ വീണ്ടും നിറയ്ക്കവേ..
അറിയില്ല നിന്നെ ഞാന്‍, കാണുന്നതാദ്യമായി-
എന്നോതി എന്നില്‍ നിന്നോളിച്ചതെന്താണ് നീ ?

സ്നേഹത്തിന്‍ പൂവും,സഹനത്തിന്‍വിളക്കുമായി-
എന്നുള്ളില്‍ കൂടുതേടി വന്നവളെ..
ഓര്‍ക്കുന്നു,ഞാനെന്നുമെന്നും...
ഓര്‍മ്മകള്‍ നല്കുന്നോരിരിറ്റു കണ്ണീരാല്‍....!!

Wednesday, March 24, 2010

പശ്ചാത്താപം...

ഞാനെന്‍ ഹൃദയാങ്ങണത്തില്‍
പാപത്തിന്‍ വന്മരം നട്ടു.
ഇടയ്ക്കിടയ്ക്ക് അതിന്റെ ചോട്ടില്‍
കണ്ണീര്‍ കണങ്ങളാല്‍ നനച്ചു.
കാലം വളക്കൂട്ടായി അലിഞ്ഞപ്പോള്‍
വൃക്ഷം വേഗം പൂക്കളിട്ടു.
ആരുമറിയാതെ വൃക്ഷ ശിഖരങ്ങളില്‍
ഖേദ പശ്ചാതാപക്കനികള്‍ കായ്ച്ചു.
അങ്ങിനെ, ഞാന്‍ അത്യുന്നതങ്ങളിലെ-
മുന്തിരിത്തോപ്പുകളില്‍ എത്തിച്ചേര്‍ന്നു.
സംസാര സാഗരത്തിന്‍ മറുകര ഞാന്‍ താണ്ടി.
സ്നേഹത്തിന്‍ അരുവിയാല്‍ ദാഹം തീര്‍ത്തു.
മുള്ളുകള്‍ നിറഞ്ഞ പാത രാജവീഥിയായി.
അവ എന്‍ മുന്നിലാരോ വിരിച്ചിട്ട-
പട്ടു പരവതാനികളായി മാറി...
അനന്തമാം ആകാശത്തിന്‍ തിരശീല-
ഞാനെന്‍ കൈകളാല്‍ വലിച്ചുനീക്കി..
അവിടത്തെ സ്വര്‍ഗക്കാഴ്ചകള്‍ -
ഞാനെന്‍ നഗ്നനേത്രങ്ങളാല്‍ കണ്ടു...

അനിര്‍വചനീയമായ നിര്‍വൃതി..!!
ആ നിര്‍വൃതിയത്രെ സായുജ്യം..!!!
അതെത്രെ ജന്മപുണ്യം...!!!