home

Saturday, December 11, 2010

ഭാണ്ഡം..



എന്‍ ഹൃദയമൊരു-
മുഷിഞ്ഞ ഭാണ്ഡം.
ഗന്ധവും,ദുര്‍ഗന്ധവും
പ്രാണനും,പുഴുക്കളും
നിറഞ്ഞ ഭാണ്ഡം.!

നീലാകാശത്തിന്‍
തെളിമപോല്‍ ഞാന്‍
കാത്തു സൂക്ഷിക്കാന്‍
ശ്രമിചിടുമ്പോള്‍
മഴമേഘങ്ങള്‍ കണക്കെ
തെറ്റുകള്‍ വന്നുമൂടും ഭാണ്ഡം.!

താങ്ങാന്‍ ശ്രമിചിടും
മാത്രയില്‍ പോലും
പിടഞ്ഞകന്നിടും
ഉയിരിന്‍ വിളിപോല്‍
അളവില്ലാ ഭാരങ്ങളാല്‍
വിറയാര്‍ന്ന കരങ്ങളാ-
ക്കിടും ഭാണ്ഡം.!

അഴിച്ചുവെച്ചോരോന്നായ്
ചികഞ്ഞു നോക്കുമ്പോള്‍
ഞാനറിയാതെയെന്‍ -
യുള്‍തടമറിയാതെ
എങ്ങോ പോയ്‌ മറയും
അത്ഭുത ഭാണ്ഡം.!

ഭാന്ധതിനുള്ളിലെ
ഭാവങ്ങള്‍ കണ്ടു ഞാന്‍
ഭയ ചകിതനായ്‌
ആര്‍ത്തു കരയുമ്പോള്‍
പിടയുമെന്‍ ജീവന്റെ
ഇടയുമീ നാദത്തെ
നിശബ്ദമാക്കീടും ജന്മഭാണ്ഡം..!

Tuesday, December 7, 2010

മുഖം..


ഇതെന്‍റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.

എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്‌..

അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന്‍ ദേവാലയം.
ഇന്നത്‌ തകര്‍ന്നിരിക്കുന്നു.

ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.

എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്‍കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്‌..
അനന്തമാം അഗാധതയിലേക്ക്‌.

സൂര്യന്‍ നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.

ഇനിയില്ല ഞാന്‍.
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്‍
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.

നിനക്കായ്‌ ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.