home

Saturday, June 19, 2010

വെളിച്ചം..

ചക്രവാളം ചുമപ്പില്‍ പൊതിഞ്ഞു
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....

**********************ഷാഫി കോട്ടൂര്‍)**)

Thursday, June 17, 2010

റംസി..



റംസി..
നീയൊരു കുഞ്ഞുനക്ഷത്രം.
മിന്നി തിളങ്ങുമൊരു കുഞ്ഞുനക്ഷത്രം..
നീ തിളങ്ങുന്നതാകാശാത്തിലല്ല..
സ്നേഹാര്‍ദ്രമാം എന്‍ ഹൃദയത്തിലാണ്.
ഇന്ന് ,നിന്‍ രൂപമെന്നുള്ളില്‍ തൂവെള്ള-
പട്ടണിഞ്ഞൊരു മാലാഖപോല്‍
ദൈവത്തിന്‍ കരസ്പര്‍ശനമേറ്റ മാലാഖ..

നിന്നെക്കുറിച്ചു ഞാനെന്തു കുറിച്ചിടാന്‍..
ഏതേതു വാക്കിനാല്‍ നിന്നെ വര്‍ണ്ണിക്കുവാന്‍..
അറിയില്ല:യെങ്കിലും ഇത്രയും കുറിപ്പു ഞാന്‍..

നീയെന്‍ ,ഗ്രാമത്തില്‍ പിറന്നവള്‍
ഞാന്‍ നടന്ന വഴികളില്‍ കാലുറപ്പിച്ചവള്‍
മഴ വീണ തൊടികളില്‍ പൂക്കള്‍ തിരഞ്ഞവള്‍
മധുര സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഇരുന്നവള്‍
നിലാവിന്‍ നിഴലില്‍ നിറഞ്ഞൊരാ ചന്ദ്രനെ-
കൈക്കുമ്പിളിലേറ്റു വാങ്ങാന്‍ കൊതിച്ചവള്‍

ഇന്നു ഞാന്‍ നിന്നെയോര്‍ത്തഭിമാനിക്കുന്നു....
നിന്‍ വിരല്‍തുമ്പാല്‍ പുനര്‍ജനിച്ചത് -
കൈവിട്ടു പോയൊരു ജീവനാണ്..
അവള്‍ നിനക്കേറെ പ്രിയപ്പെട്ടവളും..
അതിനു നിന്‍ ചിറകു ദാനമേകി...
നിന്‍ ജന്മം അങ്ങിനെ മാലാഖ തുല്യം ..

ധരണി തന്‍ മകളെ..തുടരുവിന്‍ യാത്ര ..
തളരാതെ,പതറാതെ മുന്നോട്ട് ..
നിന്‍ സ്വപ്നങ്ങള്ക്കിനിയും ചിറകു വിരിക്കൂ...
കാലുകള്‍ അതിനായി കോപ്പു കൂട്ടു...
ഇടറാതിരിക്കാന്‍ ഞാന്‍ കൂട്ടായി വന്നിടാം..
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചാലിച്ചിടാം..
താങ്ങായി,തണലായി ഒപ്പം നിന്നിടാം ...

(ഇവള്‍ റംസീന..എന്റെ നാട്ടുകാരി..സുഹൃത്ത്‌..ധീരതയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് ലഭിച്ചു.ആ ധീരതയ്ക്ക് മുന്നില്‍ ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, June 15, 2010

മനുഷ്യന്‍....

തലയോട്ടി പൊട്ടും അഹങ്കാര ബുദ്ധിയും
ആത്മബോധം കെടുത്തുന്നോരാര്‍ത്തിയും
ജീവിതം വെട്ടിപ്പിടിച്ചടക്കീടുവാന്‍
വെമ്പല്‍ കൊണ്ടെല്ലാം എന്റെയെന്റെ-
തെന്നാര്‍ത്തി മൂത്തടക്കിപ്പിടിക്കുന്നു...
നീയറിയുക നിന്റെ ചെയ്തികള്‍.
അഴുകി നാറുന്ന ജീവചര്യകള്‍
പുഴുത്ത വാക്കുകള്‍ നാക്കു തുപ്പുമ്പോള്‍
കാതു കോളാമ്പിയാക്കി വച്ചു നീ
കൂര്‍ത്തെടുത്തൊരു വാക്കു വിട്ടു നീ
വേട്ടയാടിയൊരു പേടമാനിനെ-
കഴുകനായി നിന്റെ കണ്ണു കൊത്തും..
പുഴുത്ത നായ്ക്കള്‍ തന്‍ കൊഴുത്ത മാംസവും
അഴുക്കു ചാലിലൂടൊഴുക്കി നീക്കുന്ന
നിന്റെ പാദതിന്‍ പാപമാലിന്യം
വിഴുപ്പെടുത്ത നിന്‍ കൈതലോടലില്‍
അഴുക്കു നാറ്റമാണല്ലോ ജീവിതം..
അതിര് വിട്ട പെരുമാറ്റമൊക്കെയും
കതിര് വന്ന വിളകള്‍ തകര്‍ത്തു നീ
ഇരുളകറ്റാനൊരു രാന്തലേന്തി നിന്‍
മനവെളിച്ചം തെളിച്ചു കാട്ടവേ
ആട്ടി വിട്ടു നീ കൂരിരുട്ടിന്‍ കയത്തി-
ലാഴ്ത്തി നിന്‍ മനമൊളിച്ചതും..
വേട്ടയാടി നിന്‍ ക്രൂരമോഹങ്ങള്‍
ആട്ടിന്‍കുട്ടിയുടെ ഹൃദയം ചവച്ചതും
പെറ്റ വയറു കടിച്ചു കീറി നീ
കൂടെപ്പിറപ്പിനെ ചുട്ടെരിച്ചതും
കുറ്റ ബോധമില്ലൊട്ടുമേ നിനക്കറ്റ-
കൈ പ്രയോഗത്തിനായ്.
നേട്ടം കൊയ്യുവാന്‍ ആശ കെട്ടി നീ
കാത്തിരിക്കവേ നിന്നിലും
നാശമെത്തി നിര്‍വീര്യമാക്കുന്നു
പിന്നെ,നിന്നെ പുഴുക്കള്‍ തിന്നുന്നു..

*************ഷാഫി കോട്ടൂര്‍ 

Monday, June 14, 2010

നന്മ..

നന്മയെന്നൊരു വാക്കു പരതി നോക്കി.
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...