home

Saturday, January 30, 2010

ഹരിയേട്ടന്‍....

ക്ഷണികമാമെന്‍ -
 ജീവിത യാത്രയില്‍-
കണ്ടുമുട്ടിയോരെന്‍ 
സ്നേഹ നിറദീപമേ-
നിന്നെ ഞാന്‍ -
ഏട്ടനെന്നു വിളിപ്പു.

ആരുമല്ലായിരുന്നു 
നാള്‍ വരെയെനിക്കു നീ.
ഇന്നെന്‍റെ ഹൃത്തില്‍ 
നീ തെളിനീര്‍ തെളിച്ചു.
നിന്‍ ചിരിയെന്‍ കാതില്‍ 
സംഗീതമായ്,
നിന്‍ സ്വരമെന്‍ 
ഹൃദയ മന്ത്രമായി.
ഏട്ടന്‍..,ഏട്ടന്‍..,ഏട്ടനാണ് 
ഇന്നെനിക്കു നീ.
ദൈവം തന്നൊരു 
നിധിയാണ്‌ നീ..

കാത്തു വെയ്ക്കും 
ഞാനീ ജന്മമെല്ലാം..
ഇനിവരും ജന്മങ്ങളിലും..

എന്‍ വിരല്‍തുമ്പില്‍ 
ഒന്നു പിടിക്കുക.
മുന്നോട്ടു നീ നടന്നീടുക.
അനുജനായി ഞാന്‍ 
നിന്‍ പുറകെ നടന്നിടാം..

ഇനിയെന്‍ 
കാലുകളിടറില്ല.
താങ്ങാന്‍ നിന്‍ 
കരങ്ങളുണ്ടല്ലോ.
കണ്ണുകള്‍ നിറയില്ല.
മിഴിനീര്‍-തുടക്കാന്‍ 
നീ അരികിലുണ്ടല്ലോ...

മനസ്സില്‍ ഇപ്പോഴും 
ഒരു മന്ത്രം മാത്രം...
ഏട്ടന്‍..,ഏട്ടന്‍,ഏട്ടനാണ് 
ഇന്നെനിക്കു നീ..


.......സമര്‍പ്പണം ഹരിദാസ്‌ എട്ടന്.....
(പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഹരിദാസ്‌ )

Wednesday, January 27, 2010

പുഞ്ചിരി...

സുഹൃത്തേ,
ഞാനെന്ന സത്യം ഒരിക്കല്‍ നീ അറിയും.
അന്ന് നീ എന്നെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കും.
അതിനു നിനക്ക് കരയാന്‍ അറിയില്ലല്ലോ..?
പിന്നെയോ,...നീ പുഞ്ചിരിക്കും..!!
ആ പുഞ്ചിരി നിന്റെ മാത്രം അവകാശമാണ്.
വെളുത്ത കടലാസ്സില്‍ എന്റെ അക്ഷരങ്ങള്‍ക്ക്-
നിറം നഷ്ട്ടമായിരിക്കുന്നു.
എഴുതുന്നതൊന്നും അക്ഷരങ്ങളാകുന്നില്ല.
അതും എന്നെ നോക്കി പുഞ്ചിരിക്കുന്നു..
പേനയെ ഞാന്‍ കുറ്റം പറയുന്നില്ല..
മഷി ഞാന്‍ നിറച്ചതാണ്...
അതിനും അവകാശമായിക്കോട്ടേ..!!
ഇനി എനിക്ക് എഴുതുവാനാകില്ല..
കാരണം,വിരലുകള്‍ വിറക്കുവാന്‍ തുടങ്ങി..
ചിന്തകള്‍ക്കും നിറം ഇല്ലാതായിരിക്കുന്നു..
തിരയടങ്ങിയ കടല്‍ പോലെയാണ് ഞാന്‍..
ചിന്തകളില്‍ വെളുത്ത നിറം മാത്രം..
പിന്നെ, കുറെ നിഴല്‍ രൂപങ്ങളും..
അവക്ക് നിന്റെ ചായയുള്ളതായി തോന്നുന്നു..
മങ്ങിയ കണ്ണുകളില്‍ പുഞ്ചിരി വെളിച്ചമാകട്ടെ..
ആ വെളിച്ചത്തില്‍ ഒരു മഴവില്ല് വിരിയട്ടെ..!!
അതുവരെ ഞാന്‍ കാത്തിരിക്കും..
വെളുത്ത വെളിച്ചം മഴവില്ലാകുന്നത് വരെ..
അന്ന് ഞാനും പുഞ്ചിരിക്കും..
പുഞ്ചിരി എന്റെ അന്ത്യമായിരിക്കും...
അതും ഞാന്‍ നിനക്ക് നല്‍കുന്നു..
എല്ലാറ്റിനും നന്ദി..നീ തന്ന സ്നേഹത്തിനും..
ഇനി നീ നല്‍കുംപുഞ്ചിരിക്കും..

പണയം

ഈ ലോകം 
ഇന്നെനിക്കന്യമാണ്.
എന്‍റെ ഓര്‍മ്മകള്‍,
ചിന്തകള്‍,സ്വപ്‌നങ്ങള്‍-
ആരോ പണയം 
വച്ചിരിക്കുന്നു...
എന്‍റെ ഹൃദയവും.!

അങ്ങിനെ ഞാന്‍ 
ഹൃദയമില്ലാത്തവനായി.
തിരിച്ചെടുക്കാനാവാത്ത 
വിധം ബലമുള്ള-
ചങ്ങലകള്‍ കൊണ്ട് 
താഴിട്ടു പൂട്ടിയിരിക്കുന്നു.
പുറത്ത് കാവല്‍ക്കാരും!!

കാഴ്ചകള്‍ക്ക് ഞാന്‍ 
കരാറു നല്‍കുന്നു.
ചവിട്ടി നില്‍ക്കുന്ന 
മണ്ണിനു പാട്ടവും.

ഇതിനെല്ലാം ഇന്നവര്‍ 
പലിശ ചോദിക്കുന്നു.
എന്തു ഞാന്‍ നല്‍കും,
എങ്ങിനെ നല്‍കും.!
തിരിച്ചു വേണ്ടയിനി 
എനിക്കതൊന്നും.
എല്ലാം അവര്‍ തന്നെ 
എടുത്തു കൊള്ളട്ടെ.

ഇനിയീ ജീവിതം 
സ്വയം പണയപ്പെടുത്താം.
അതിനു മാത്രം 
പലിശ ചോദിക്കരുത്.!!

Sunday, January 24, 2010

കണ്ണുനീര്‍ ..

ഇന്നെന്‍റെ കണ്ണില്‍
നിന്നടര്‍ന്നുവീണ-
കണ്ണീരിനു കറുപ്പ് നിറം.!
വിഷത്തിന്‍ -
ഗന്ധവും,ചവര്‍പ്പും.
അതെന്‍ ശരീരമാകെ-
പടര്‍ന്നിറങ്ങി...
വെളുത്ത വസ്ത്രത്തെ-
വികലമാക്കി...
ദ്രവിച്ച ഹൃദയത്തെയും.!

കണ്ടു മടുത്ത കാഴ്ചകള്‍
കണ്ടു കരയാതിരുന്നൊരെന്‍
കണ്ണുകള്‍ ചിലപ്പോള്‍
പൊട്ടി തകര്‍ന്നൊരു-
ലാവയായി പുറത്തേക്ക്
ഒഴുകിയതാവാം..!

ഭ്രാന്തന്‍...


ഇന്നലെ ഞാനൊരു 
ഭ്രാന്തനോടൊപ്പമായിരുന്നു.
പറയി പെറ്റ പന്തിരു കുലത്തിന്‍
പാരമ്പര്യം കാത്തവന്‍..
അവന്‍റെ കാലില്‍ മന്തുണ്ടായിരുന്നു.
വ്രണങ്ങളില്‍ നിന്നു വമിക്കും 
ദുര്‍ഗന്ധവും..
അതിപ്പോള്‍ എന്‍റെ ഹൃദയത്തിലും!

ചുടലപ്പറമ്പിലെ കത്തുന്ന 
മാംസങ്ങള്‍ക്ക്
ശാന്തമായി അവന്‍ കൂട്ടിരുന്നു.
ദിക്കുകള്‍ ഞെട്ടുമാറുച്ചത്തില്‍ 
 പൊട്ടി പൊട്ടി ച്ചിരിച്ചു.
 പുലഭ്യം പറഞ്ഞു.
അവനു കൂട്ടായി ഞാനും!

എന്‍റെ മുന്നിലെ കത്തുന്ന  
മാംസങ്ങള്‍ക്ക് -വെടിപ്പുകയുടെ
 ഗന്ധമാണെന്നു മാത്രം.
അഫ്ഘാനില്‍ ,ഇറാക്കില്‍ ,
ഇന്ത്യയില്‍ -പലസ്തീനില്‍ 
ഞാനും ആ ഗന്ധമറിഞ്ഞു.
അല്ല ഇപ്പോഴും അറിയുന്നു.
മരവിച്ചു എന്‍റെ  നാസേന്ത്രിയങ്ങള്‍ 
മറ്റൊരു ഗന്ധവും  തിരിച്ചറിയുന്നില്ല.

 അവന്‍ കൂമന്‍ കുന്നിനു 
മുകളിലേക്ക്ഭാരമുള്ള 
കല്ലുകള്‍ ഉരുട്ടി കയറ്റി.
ഞാനെന്‍റെ  മോഹങ്ങള്‍ക്ക്
 മുകളിലേക്കും.!!
കല്ലുകള്‍  കയങ്ങളിലേക്ക്
തള്ളി  അവനട്ടഹസിച്ചു.
ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ
 താഴ്വരകളിലേക്കും!

പറയുക ...
ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
'ഭ്രാന്ത'നോ,ഒപ്പം കൂടിയവനോ..!!

Saturday, January 23, 2010

പ്രവാസം..

പ്രവാസം
ഒരു തടവറയാണ്.
സ്വപ്നങ്ങള്‍ക്കുമേല്‍ -
സ്വയം തീര്‍ത്ത തടവറ!

അടഞ്ഞ വാതിലിന്‍
താക്കോല്‍  പഴുതിലൂടെ-
പുറത്തേക്കു 
നോക്കുമ്പോള്‍ ശൂന്യത.
പടര്‍ന്ന ഇരുട്ട് പോലെ
അതു ഹൃദയമാകെ-
 പരക്കുന്നു.!!

എന്തു നല്‍കി 
എനിക്കീ പ്രവാസം?
വേദനകള്‍,വിരഹങ്ങള്‍,
ഒറ്റപ്പെടലുകള്‍,
തിരിച്ചു കിട്ടാതെ 
നഷ്ടമായ ദിനങ്ങള്‍.                          

അല്ല;
നഷ്ട്ടപ്പെടുത്തിയതെന്നു
ഞാന്‍ തിരുത്തുന്നു.
പിന്നെ,കുറേ 
ഓര്‍മ്മപ്പെടുത്തലും.!!