home

Wednesday, June 22, 2011

മഴയിലൂടെ...

മഴത്തുള്ളികള്‍
വീണ വഴികളില്‍
നഗ്നമാം പാദം
പതിഞ്ഞൊരാ മണ്ണില്‍
നോക്കെത്താ ദൂരം
ഞാന്‍ നിന്നെയും
തേടി നടന്നു.

നിനക്ക് തരാന്‍
ഞാന്‍ കയ്യില്‍ കരുതിയ
പനിനീര്‍ പൂക്കളില്‍
എന്‍ പ്രണയത്തിന്‍
സൌരഭ്യമായിരുന്നു.

എവിടെയാണ് നീ..
എത്ര ദൂരെയാണ് നീ.
എന്റെ പ്രണയം
നീ അറിയാതെ പോയോ.!!

Monday, June 20, 2011

പുഴക്കരയില്‍ ...

ഒരവധി ദിവസം,
ഞാനെന്നെത്തെയും പോലെ
അന്നും പുഴക്കരയില്‍
ഇളം തെന്നലേല്‍ക്കുവാന്‍ പോയി.

അപ്പോള്‍ ,
സൂര്യന്‍ ഗഗനത്തിന്‍ പടിഞ്ഞാറേ-
ചെരുവില്‍ അസ്തമിക്കാന്‍
കടലിനോടനുവാദം ചോദിക്കുകയാണ്.

സായന്തനത്തില്‍ തിരക്കേറെ-
യുള്ളൊരു പുഴയാണിത്.
കുഞ്ഞിനെ തേടി പായുന്ന മീനും,
കൂടുകള്‍ തേടി പറക്കും പക്ഷികളും,
കൂട്ടമായലയും കൊക്കിന്‍ കൂട്ടവും,
മുങ്ങി നീരാടും നീര്‍കാക്കകളും,
പാറമേല്‍ നല്ലൊരു സ്ഥാനം പിടിച്ചിട്ടു
ചിറകു കുടഞ്ഞുണക്കും പൊന്മാനുകളും,
വൃക്ഷങ്ങളില്‍ കിടന്നൂഞ്ഞാലാടും-
വികൃതിക്കുറുമ്പരാം വാനരക്കൂട്ടവും
ബഹളം കൂട്ടും സ്ഥലമാണിത്.

പക്ഷെ,ഇന്നിവിടം നിശബ്ദം..!!
പക്ഷികള്‍ കൂടൊഴിഞ്ഞത് പോലെ,
മീനുകള്‍ ഗര്‍ഭത്തിലൊളിച്ചത് പോലെ,
വൃക്ഷങ്ങള്‍ കാറ്റിനെ തടഞ്ഞത് പോലെ,
ഇലകള്‍ മൗനത്തിലാണ്ടത് പോലെ,
പുഴയിലോളങ്ങള്‍ നിലച്ചത് പോലെ,
ഇളം കാറ്റിനുഷ്ണം ഏറിയത് പോലെ,

ഓര്‍ത്തു ഞാന്‍ കാരണമെന്തെന്നു?
ചിന്താ മഗ്നനായി ഞാനൊരു
ചരിഞ്ഞ മരച്ചുവട്ടിലിരുന്നപ്പോള്‍
ഒരു പക്ഷി കടന്നു വന്നെന്‍ കാതില്‍ മൂളി
"സ്നേഹിതാ,..നിന്‍ വര്‍ഗം ഇത്രെയും ഹീനരോ?"

ഇതിന്‍ പൊരുളറിയുവാന്‍ തിരിഞ്ഞു ഞാന്‍ നോക്കെ,
ഒരസ്ത്രം പാഞ്ഞു വന്നാ പക്ഷിയെ തറച്ചു.
ഇനിയുമൊരു വാക്ക് ചൊല്ലുവാനാകാതെ
ആ പക്ഷിയെന്‍ മുന്നില്‍ പിടഞ്ഞു വീഴുന്നു.
രക്തം പുരണ്ട ചിറകിട്ടടിച്ചാ പക്ഷി
അല്പം ദയക്കായി എന്നെ നോക്കുന്നു.

കാട് വിറക്കും അട്ടഹാസവുമായൊരു വേടന്‍
ഓടിയെത്തിയാ പക്ഷിയെ എടുക്കുന്നു.
"കൊള്ളാം നിനക്ക് ഭാരമില്ലെങ്കിലും
മാംസ്യം രുചിയില്‍ മുമ്പനാണല്ലോ!"
എന്നയാള്‍ പുലമ്പിയകലുന്നു..

നിശബ്ദാന്തരീക്ഷതിന്‍ കാരണമറിയവെ
വേദനാ ഹൃദയനായ്,വിഷാദ ചിത്തനായ്
തിരികെ ഞാന്‍ നടന്നു..!!